കോട്ടയം: ഇന്ന് മുതൽ മെയ് പന്ത്രണ്ട് വരെ എന്നെങ്കിലും ആരോഗ്യവകുപ്പിൽ നിന്ന് കുഷ്ഠ രോഗ നിർണയത്തിന്റെ ഭാഗമായി രണ്ട് വാളണ്ടിയർമാർ വീട്ടിൽവരും. പുരുഷൻമാർ പുരുഷ വാളണ്ടിയറെയും വനിതകൾ വനിതാ വാളണ്ടിയറെയും തങ്ങളുടെ ശരീരം കാണിക്കണം. തൊലിപ്പുറത്ത് നിറം മങ്ങിയതും ചുവന്നതും സ്പർശന ശേഷി ഇല്ലാത്തതുമായ പാടുകൾ, തടിപ്പ്, മരവിപ്പ്, ബലക്ഷയം, വേദനയില്ലാത്തതും ഉണങ്ങാത്തതുമായ വൃണങ്ങൾ, ചെവിക്കുടയിലെ ചെറിയ മുഴകൾ തുടങ്ങിയവ ഉണ്ടെങ്കിൽ വാളണ്ടിയർമാരുടെ ശ്രദ്ധയിൽപ്പെടുത്തണം.

കുഷ്ഠരോഗത്തെ സംബന്ധിച്ച തെറ്റായ ധാരണകൾ അകറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച തോപ്പിൽ ഭാസിയുടെ 'അശ്വമേധം' നാടകത്തെ ഓർമിപ്പിക്കുന്നതാണ് പദ്ധതിയുടെ പേര്. 'അശ്വമേധ"ത്തിന്റ ആദ്യഘട്ടം കഴിഞ്ഞ ഡിസംബറിൽ എട്ടുജില്ലകളിൽ നടത്തിയിരുന്നു. രണ്ടാം ഘട്ടത്തിൽ കോട്ടയം അടക്കമുള്ള ആറുജില്ലകളിലാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ എട്ടുജില്ലകളിൽ നിന്നായി 194 പുതിയ രോഗബാധിതരെ കണ്ടെത്തിയിരുന്നു. ഇതിൽ 20പേർ കുട്ടികളാണ്. രോഗം സംശയിക്കപ്പെടുന്നവർക്ക് വിദഗ്ദ്ധ പരിശോധനയും രോഗബാധിതർക്ക് സൗജന്യ ചികിത്സയും മരുന്നും എല്ലാ താലൂക്ക് ആശുപത്രികളിലും ലഭിക്കും. അടുത്ത വർഷത്തോടെ കുഷ്ഠരാേഗത്തെ സംസ്ഥാനത്ത് നിന്ന് നിർമാർജനം ചെയ്യുകയാണ് ലക്ഷ്യം.

 5000 വോളണ്ടിയർമാർ

വീടുകൾ കയറാനായി ജില്ലയിൽ 5000 വോളണ്ടിയർമാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരു ടീം 250 വീടുകൾ 14 ദിവസം കൊണ്ട് കയറും. ഹെൽത്ത് ഇൻസ്പെക്ടർമാർ, പബ്ളിക് ഹെൽത്ത് നഴ്സുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് പദ്ധതി.

'' രോഗ നിർണയത്തിന് വീടുകളിലെത്തുന്നവരെ ദേഹത്തെ പാടുകൾ കാണിക്കണം. രോഗം കണ്ടുപിടിച്ചാലേ പകരുന്നത് തടയാനാകൂ. രോഗം പരത്തുന്നത് ബാക്ടീരിയയാണ്. രോഗം പൂർണമായി ഇല്ലാതാക്കുന്ന മരുന്നുകൾ എല്ലാ ആശുപത്രികളിലും ലഭ്യാണ്.

ഡോ. ജേക്കബ് വറുഗീസ്, ജില്ലാ മെഡിക്കൽ ഓഫീസർ.