കോട്ടയം: രണ്ടു തവണ സ്‌ഫോടനം നടത്തിയെങ്കിലും നാഗമ്പടത്തെ പഴയ മേൽപ്പാലം സുരക്ഷിതമാണെന്ന് കമ്പനിയുടേയും റെയിൽവേ അധികൃതരുടേയും ഉറപ്പ്. ജില്ലാ കളക്‌ടർ പി.സുധീർബാബുവിന് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകി.
പാലം തകർക്കുന്നതിനായി 14 ഇടത്താണ് ഡിറ്റനേറ്റർ സ്ഥാപിച്ചത്. ഇതിൽ രണ്ടിടത്തെതുമാത്രമാണ് പൊട്ടിയത്. ഇതിനാൽ ബലക്ഷയം ഉണ്ടായിട്ടില്ല. ബാക്കിയുള്ള ഡിറ്റനേറ്ററുകൾ നീക്കിയിട്ടുണ്ട്. റെയിൽവേയുടെ എൻജിനീയറിംഗ് വിഭാഗവും കമ്പനി ഉദ്യോഗസ്ഥരും സുരക്ഷാ പരിശോധന നടത്തി. ട്രെയിൻ കടത്തി വിടുന്നതിൽ പ്രശ്നമില്ല. ചെന്നൈയിൽ നിന്നുള്ള റെയിൽവേയുടെ ഉന്നതതല സ്ഥലം കൂടുതൽ പഠിക്കാൻ ഉടനെത്തും. അതുവരെ പാലത്തിന് അടിയിലൂടെയുള്ള ട്രെയിൻ ഗതാഗതത്തിന് 20 കിലോമീറ്ററായി വേഗനിയന്ത്രണം ഏർപ്പെടുത്തി.
സ്‌ഫോടനം പരാജയപ്പെട്ടതിനാൽ മറ്റു മാർഗങ്ങൾ ഉപയോഗിച്ച് പാലം പൊളിക്കുന്നതിനാണ് ആലോചിക്കുന്നത്.