ezha

പാലാ : കേരളത്തിൽ ഇടതുമുന്നണി സർക്കാർ ആവിഷ്‌ക്കരിച്ച ജനകീയാസൂത്രണ പദ്ധതി പോലും ശ്രീനാരായണ ഗുരുദേവനിൽ നിന്ന് ഉൾക്കൊണ്ടതാണെന്ന് കമ്മ്യൂണിസ്റ്റുകാർ ഓർക്കണമെന്ന് കവിയും ഗാനരചയിതാവുമായ ഏഴാച്ചേരി രാമചന്ദ്രൻ പറഞ്ഞു. ഏഴാച്ചേരി ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവത്തിന്റെ ഭാഗമായി നടത്തിയ സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവ സന്ദേശമായ 'അവനവനാത്മ സുഖത്തിനാചരിക്കുന്നവ,അപരന്നു സുഖത്തിനായി വരേണമെന്ന ' തത്വം സാക്ഷാൽ ഇ.എം.എസിന്റെ മനസിൽ ക്ലിക്ക് ചെയ്തു. ഇത് വ്യാഖ്യാനിച്ച് സ്വന്തം രാഷ്ട്രീയ പാർട്ടി ഉൾപ്പെടുന്ന ജനാധിപത്യ പ്രസ്ഥാനത്തിലൂടെ ജനകീയാസൂത്രണം ഇ.എം.എസ്. നടപ്പിലാക്കുകയായിരുന്നുവെന്ന സത്യം കമ്മ്യൂണിസ്റ്റുകാരെങ്കിലും മറക്കരുത്.

റെഡിമിർ ബോട്ട് മുങ്ങിയുള്ള കുമാരനാശാന്റെ മരണം പോലും അകമിഴികളുടെ തിളക്കത്താൽ പ്രവചിച്ച മഹാനായിരുന്നൂ ഗുരുദേവൻ. ബോട്ട് മുങ്ങി കുമാരനാശാൻ മരണക്കയത്തിൽ താഴ്ന്ന വിവരം റിപ്പോർട്ട് ചെയ്യും മുമ്പേ ഗുരുദേവൻ പറഞ്ഞു. ' കുമാരു പോയി...!' അടുത്തു നിന്നവർക്കൊന്നും അപ്പോൾ കാര്യം മനസിലായില്ല. മണിക്കൂറുകൾ കഴിഞ്ഞാണ് കുമാരനാശാൻ മരിച്ച വിവരം പുറംലോകമറിഞ്ഞത്. ഭൗതിക ജീവിതത്തേയും ആത്മീയ ജീവിതത്തേയും ഇത്രമേൽ സമന്വയിപ്പിച്ച് രണ്ടും ഒന്നു തന്നെയെന്ന് സ്ഥാപിച്ച ഭാരതത്തിലെ ഏക സന്യാസിയായിരുന്നു ഗുരുദേവൻ. പ്രായോഗിക ബുദ്ധിയുടെ മൂശയിൽ നല്ലതു പോലെ കൂർപ്പിച്ചെടുത്ത ആയുധങ്ങൾ കൊണ്ടാണ് ഗുരുദേവൻ, ജനങ്ങൾക്ക് ജീവിതത്തെ മാറ്റിപ്പണിയാനുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ നൽകിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ. കെ.എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. നാളെകളിൽ ലോകം അംഗീകരിക്കുന്ന ഏക ദർശനം ഗുരുവിന്റേതാകുമെന്ന് അദ്ദേഹം പറഞ്ഞു. ഏഴാച്ചേരി ശാഖാ പ്രസിഡന്റ് പി.ആർ. പ്രകാശ് പെരികിനാലിൽ അദ്ധ്യക്ഷത വഹിച്ചു. സോണി ജോണി, എം.ഒ.ശ്രീക്കുട്ടൻ, ടി.കെ.വാരിജാക്ഷൻ, മിനി രാജു, പി.ഡി.സജി, അനന്തു കൃഷ്ണൻ, പി.കെ.രാജു എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി കെ.ആർ. ദിവാകരൻ സ്വാഗതവും, വൈസ് പ്രസിഡന്റ് ടി.എസ്.രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. ഗണപതിഹോമം, ഗുരുപൂജ, കലശം, സമൂഹപ്രാർത്ഥന, പ്രസാദമൂട്ട്, ഘോഷയാത്ര, വൈകിട്ട് പ്രഭാഷണവും, കഥാപ്രസംഗം എന്നിവ നടന്നു.