വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് നിർമ്മിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിയുടെ നിർമ്മാണം പുരോഗമിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും മികച്ച ചികിത്സ ഒരുക്കാൻ വിഭാവനം ചെയ്ത ആശുപത്രി കെട്ടിടം പത്തരക്കോടി രൂപ വിനിയോഗിച്ചാണ് നിർമ്മിക്കുന്നത്.ആറു നിലകളിലായി നിർമ്മിക്കുന്ന ആശുപത്രിക്കെട്ടിടത്തിന്റെ നാലുനിലകളുടെ നിർമ്മാണം ഇതിനോടകം പൂർത്തിയായി. 18 മാസ കാലയളവിൽ നിർമ്മാണം പുർത്തിയാക്കാമെന്നാണ് കരാർ.ആറുമാസത്തിനകം ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാണിപ്പോൾ പുരോഗമിക്കുന്നത്. പിന്നോക്ക മേഖലയായ വൈക്കത്ത് നിർദ്ധന കുടുംബങ്ങൾക്ക് അത്യാധുനിക ചികിൽസ ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയാണ് അമ്മയും കുഞ്ഞും ആശുപത്രി സർക്കാർ വൈക്കത്ത് ആരംഭിക്കുന്നതിനു നടപടി സ്വീകരിച്ചത്. കോട്ടയം ജില്ലയിൽ ഒ പി യിൽഏറ്റവും അധികം രോഗികൾ ചികിൽസ തേടുന്ന താലൂക്ക് ആശുപത്രിയാണ് വൈക്കം. ദിനംപ്രതി 1000 നും 1300 നും മദ്ധ്യേ രോഗികൾ സാധാരണ ഒ പി യിൽ ചികിൽസ തേടാറുണ്ട്. 300 രോഗികൾ കിടത്തി ചികിൽസയ്ക്കും വിധേയരാകുന്നു. ജില്ലയിലെ താലൂക്ക് ആശുപത്രികളിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്നതും വൈക്കത്താണ്. അമ്മയും കുഞ്ഞും ആശുപത്രി വൈക്കത്ത് പ്രവർത്തനമാരംഭിക്കുന്നതോടെ അത്യാധുനിക ചികിൽസാ സൗകര്യങ്ങൾ സത്രീകൾക്കും കുട്ടികൾക്കും ലഭ്യമാകും. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ സ്വകാര്യ ആശുപത്രികളിൽ വൻ തുക ചെലവാക്കി ചികിൽസ തേടുന്ന രോഗികൾക്കും 40 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളേജിൽ പോകുന്ന രോഗികൾക്കും നാട്ടിൽ മികച്ച ചികിൽസ ലഭ്യമാകുന്നത് ഏറെ ആശ്വാസകരമാകും.