വൈക്കം: സ്ലാബ് തകർന്ന് സെപ്ടിക് ടാങ്കിൽ വീണ പശുവിനെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി. വൈക്കം മുനിസിപ്പാലിറ്റി പത്താം വാർഡിൽ കവിയിൽ മഠം അറത്തറ വീട്ടിൽ രാഘവന്റെ അഞ്ച് വയസ് പ്രായമുള്ള പശുവാണ് വീട്ടിലെ സെപ്ടിക് ടാങ്കിൽ അകപ്പെട്ടത്. ഇന്നലെ വൈകിട്ട് 3.15 ഓടെയാണ് സംഭവം. പുരയിടത്തിൽ നടന്ന് പുല്ല് തിന്നുന്നതിനിടയിൽ പശു സ്ലാബ് തകർന്ന് സെപ്ടിക് ടാങ്കിൽ വീഴുകയായിരുന്നു. ഉടൻ വീട്ടുകാരും സമീപവാസികളും ചേർന്ന് രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് വൈക്കത്തുനിന്നും അസി. സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാർ ഫയർമാൻമാരായ രഞ്ജിത്, ടി. ജോസഫ്, മഹേഷ് രവീന്ദ്രൻ, സജേഷ്, സനീഷ്,അരുൺ, പ്രിസു എസ്.ദർശൻ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിശമന സേന എത്തി ഒരു മണിക്കൂർ കൊണ്ട് ഏറെ ശ്രമകരമായി ബെൽറ്റ്, മറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് പശുവിനെ രക്ഷിക്കുകയായിരുന്നു.