കോട്ടയം: ആലപ്പുഴ ജലപാതയിലെ നവീകരണ ജോലികൾക്ക് തുടക്കമായി. ഏറെ നാളുകളായി മുടങ്ങിക്കിടന്ന ജലപാത നവീകരണമാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. ചെളിനിറഞ്ഞതോടെ ആഴം കുറഞ്ഞ ജലപാതയിലെ പുത്തൻതോടാണ് നവീകരിക്കുന്നത്. ഈ പുത്തൻതോടിന്റെ നവീകരണം പൂർത്തിയായാൽ ബോട്ട് സർവീസ് കൂടുതൽ സുഗമമായി നടത്താനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കോട്ടയത്തിനും ആലപ്പുഴയ്‌ക്കും ഇടയിലുള്ള ബോട്ട് സർവീസ് ജലപാതയിൽ ചെളി നിറഞ്ഞതിനെ തുടർന്ന് നേരത്തെ നിർത്തി വച്ചിരുന്നു. ബോട്ടുകൾ ചെളിയിൽ പുതയുന്ന സാഹചര്യമുണ്ടായതോടെയാണ് സർവീസുകൾ നിർത്തി വയ്‌ക്കാൻ അധികൃതർ നിർബന്ധിതരായത്. ഇതേ തുടർന്നാണ് കോടിമത മുതൽ കാഞ്ഞിരം വരെയുള്ള പുത്തൻതോട് നവീകരിക്കുന്നത്. ഏതാണ്ട് മൂന്നര കിലോമീറ്റർ നീളമാണ് പുത്തൻതോടിന് ഉള്ളത്. ചെളിനിറഞ്ഞ പുത്തൻതോടിന് നിലവിൽ ഒന്നര മീറ്റർ ആശഴം മാത്രമാണ് നിലവിൽ ഉള്ളത്. ഡ്രഡ്‌ജിംഗ് നടത്തി പുത്തൻ തോടിന്റെ ആഴം ഒന്നര മീറ്റർ കൂടി വർധിപ്പിക്കുന്നതിനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.
25 ലക്ഷം രൂപയാണ് നവീകരണത്തിനായി ചിലവ് പ്രതീക്ഷിക്കുന്നത്. ഇവിടെ നിന്നും കോരിയെടുക്കുന്ന ചെളി ഉപയോഗിച്ച് കോടിമത മുതൽ മലരിക്കൽ വരെ വോക്ക്‌വേ നിർമ്മിക്കുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വോക്ക് വേ നിർമ്മിക്കുന്നതിനു 26 ലക്ഷം രൂപയാണ് നഗരസഭ ടെൻഡർ അനുവദിച്ചിരിക്കുന്നത്. പാറോച്ചാൽ ജെട്ടിയിലും ചുങ്കത്ത് മുപ്പതിലും ഇതിന്റെ ഭാഗമായി പാലവും നിർമ്മിക്കും. ഇതിന്റെ നവീകരണം മേയ് 30 ന് അകം പൂർത്തിയാക്കാനാണ് പദ്ധതി. തുടർന്ന് ജലഗതാഗത വകുപ്പിന്റെ എസി ബോട്ട് സർവീസും ആരംഭിക്കും.