jose-k-mani

കോട്ടയം: കെ.എം. മാണിയുടെ മരണത്തോടെ പാർട്ടി ചെയർമാൻ, ലീഡർ, നിയമസഭാ കക്ഷി നേതാവ് തുടങ്ങിയ സ്ഥാനങ്ങൾ ഒഴിഞ്ഞു കിടക്കെ ചേരുന്ന കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടിയോഗം നിർണായകമായേക്കും.

ലോക്സഭാ സീറ്റ് നൽകാതെ തഴഞ്ഞ വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിന് എന്തു സ്ഥാനം ലഭിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മസ്കറ്റിലുള്ള പി.ജെ. ജോസഫ് മേയ് 5ന് തിരിച്ചെത്തും. ഏഴിന് വൈകിട്ട് നാലിന് കോട്ടയത്ത് യോഗം ചേരാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാന കമ്മിറ്റി യോഗം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമേ ചേരൂ.

കെ.എം. മാണിയുടെ മരണത്തോടെ പാലായിൽ ആറുമാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ട സാഹചര്യത്തിൽ ജോസഫിനെ പിണക്കാതിരിക്കാൻ ഉന്നത സ്ഥാനങ്ങളിലൊന്ന് നൽകിയേക്കും. അത് ഏതാണെന്നാണ് അറിയേണ്ടത്.

നിലവിൽ ജോസ് കെ. മാണി വൈസ് ചെയർമാനും സി.എഫ്. തോമസ് ഡെപ്യൂട്ടി ലീഡറുമാണ്. വർക്കിംഗ് ചെയർമാനോ വൈസ് ചെയർമാനോ ഏതാണ് വലുത് എന്നത് തർക്ക വിഷയമാണ്. ജോസ് കെ. മാണിയെ ചെയർമാനാക്കുന്നതിനോട് ജോസഫ് വിഭാഗം യോജിക്കുമെന്നു തോന്നുന്നില്ല. ഈ സാഹചര്യത്തിൽ സി.എഫ്. തോമസ് ചെയർമാനാകാനായിരിക്കും സാദ്ധ്യത. ചെയർമാൻ സ്ഥാനം ലഭിക്കുന്നില്ലെങ്കിൽ ലീഡർ പദവി ജോസഫ് ആവശ്യപ്പെടാം. ഇത് നൽകുമോ എന്നതാണ് അറിയേണ്ടത്. നിയമസഭാ കക്ഷി നേതൃസ്ഥാനം ലഭിച്ചാൽ ജോസഫ് അതു കൊണ്ട് തൃപ്തിപ്പെടാനിടയില്ല. ഇത് പാർട്ടിയിൽ ഭിന്നതയ്ക്ക് വഴി തെളിച്ചേക്കും. കോൺഗ്രസ് നേതൃത്വവുമായി ഏറെ അടുത്തു നിൽക്കുന്ന ജോസഫ് വിഭാഗം പാർട്ടിയിൽ ഒരു കലാപത്തിന് തന്നെ വഴിമരുന്നിട്ടേക്കാം.

ജോസ് കെ. മാണി എം.പി, മുൻ എം.പി ജോയ് എബ്രഹാം, എം.എൽ.എമാരായ പി.ജെ. ജോസഫ്, സി.എഫ്. തോമസ്, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നിവരാണ് പാർലമെന്ററി പാർട്ടിയിലുള്ളത്. ഇതിൽ ജോസഫും മോൻസ് ജോസഫുമൊഴിച്ച് മറ്റെല്ലാവരും മാണി ഗ്രൂപ്പുകാരാണ്. പാർട്ടി സംസ്ഥാന കമ്മിറ്റിയിലും സ്റ്റിയറിംഗ് കമ്മിറ്റിയിലും മാണി ഗ്രൂപ്പിനാണ് ഭൂരിപക്ഷം.