തലയോലപ്പറമ്പ് : ഇക്കൊല്ലവും മുട്ടറ്റം ചെളിവെള്ളം നീന്തി ഞങ്ങൾ എങ്ങനെ സ്‌കൂളിൽ വരും...? പെരുവ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികളുടെ ചോദ്യമാണിത്.സ്‌കൂൾ കവാടത്തിന് മുമ്പിലും സ്‌കൂൾ റോഡിലുമുള്ള വെള്ളക്കെട്ടാണ് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഇത് വഴി പോകുന്ന നൂറ് കണക്കിന് കുടുംബംങ്ങളെയും വലയ്ക്കുന്നത്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല കുട്ടികളുടെ ഈ ദുരിതയാത്ര. മഴ പെയ്താൽ രണ്ടടിയിലേറെ ഉയരത്തിൽ റോഡിൽ വെള്ളക്കെട്ടാകും. പിന്നെ അതിലൂടെ നീന്തിയാണ് കുട്ടികളുടെ യാത്ര. സ്‌കൂളിലേക്കുള്ള റോഡ് പൊട്ടിപൊളിഞ്ഞ്, വെള്ളം കെട്ടി, വഴി നടക്കാൻ പറ്റാതെ കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി.
പെരുവ-പിറവം റോഡ് നിർമ്മാണം കഴിഞ്ഞപ്പോഴാണ് ഈ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടത്. റോഡിന് വീതി കുറവായതിനാൽ കുട്ടികൾ ബസ് കയറാൻ കവാടത്തിന് മുന്നിലെ ഈ വെള്ളക്കെട്ടിലാണ് നിൽക്കുന്നത്. മഴ പെയ്താൽ മുട്ടോളം പൊക്കത്തിൽ ചെളിവെള്ളമാണ് ഇതുവഴി ഒഴുകുന്നത്. സ്‌കൂൾ വഴിയിലൂടെ ഒഴുകി വരുന്ന വെള്ളവും ഇവിടത്തെ ചപ്പാത്തിലാണ് വന്ന് വീഴുന്നത്. മഴ പെയ്താൽ കവാടം മുതൽ സ്‌കൂൾ വരെ കുട്ടികൾ ചെളി വെള്ളത്തിലൂടെ വേണം പോകുവാൻ. ചെളിവെള്ളത്തിലൂടെയുള്ള യാത്ര മൂലം സ്‌കൂൾ യൂണിഫോമും ഷൂസും സോക്‌സും നനയുന്നതും യൂണിഫോമിൽ ചെളി നിറയുന്നതും പതിവാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. അശാസ്ത്രീയമായി ഉണ്ടാക്കിയ ചപ്പാത്തും ഓടയിൽ കുറുകെ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. ചപ്പാത്തിനെക്കാൾ പൊങ്ങിയാണ് ഓട നിർമ്മിച്ചിരിക്കുന്നത്. പെരുവ നരസിംഹ സ്വാമി ക്ഷേത്രത്തിലേക്ക് വന്നു പോകുന്ന ഭക്തരും ഈ ചെളിവെള്ളം നീന്തിയാണ് കടന്ന് പോകുന്നത്. പരാതികൾ ഏറെ ഉണ്ടായിട്ടും പ്രശ്‌നത്തിനു അധികൃതർ പരിഹാരം കാണാത്തതിനാൽ നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധത്തിലാണ്.