കുറവിലങ്ങാട് : കാണക്കാരി - വേദഗിരി റോഡിൽ കാണക്കാരി റെയിൽവേ ക്രോസിന് സമീപം റോഡരികിൽ നാളുകളായി കൂട്ടിയിട്ടിരിക്കുന്ന ഇരുമ്പ് ദണ്ഡുകൾ നീക്കം ചെയ്യാത്തത് അപകട ഭീഷണി ഉയർത്തുന്നു. റെയിൽവേ ക്രോസിൽ സംരക്ഷണവേലി നിർമ്മിക്കുന്നതിനായി കൊണ്ടുവന്ന ഇരുമ്പ് ദണ്ഡുകളാണ് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ഇതോടൊപ്പം സമീപത്ത് മെറ്റിലുകളും കൂട്ടിയിട്ടിട്ടുണ്ട്. മഴ പെയ്തതോടെ മെറ്റിലുകൾ റോഡിലേക്ക് നിരന്നത് ഇരുചക്രവാഹനയാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. അപകടങ്ങളും ഇവിടെ പതിവാണ്. വേദഗിരിയേയും കാണക്കാരിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. താരതമ്യേന വീതി കുറഞ്ഞ റോഡായതിനാൽ ഇരുവശത്തു നിന്നു വാഹനങ്ങൾ എത്തുമ്പോൾ കാൽനടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. അദ്ധ്യയനവർഷം തുടങ്ങിയാൽ സ്കൂൾബസുകളും വാനുകളുമടക്കം കടന്നുപോകുന്നത് ഇതുവഴിയാണ്. ഇതിന് മുൻപായി ഇവ പാതയോരത്തു നിന്നു മാറ്റണമെന്നാണാവശ്യം.
സംരക്ഷണവേലി നിർമ്മാണത്തിന് കൊണ്ടുവന്ന ഇരുമ്പ് ദണ്‌ഡ്
സ്കൂൾ ബസുകൾ ഉൾപ്പെടെ കടന്നു പോകുന്നത് ഇതുവഴി