കോട്ടയം: മുത്തശ്ശിയുടെ വോട്ട് ഓപ്പൺ വോട്ടായി ചെയ്‌തെന്ന് അവകാശപ്പെട്ട് ഇടതു കൈയിലെ രണ്ട് വിരലുകളിൽ മഷി പുരട്ടിയ ഫോട്ടോയടക്കം ഫേസ് ബുക്കിലിട്ട കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് പുലിവാലു പിടിച്ചു. അഭിജിത്തിന്റെ പോസ്റ്റിൽ ഇടതു കൈയിലെ ചൂണ്ടുവിരലിലും നടുവിരലിലുമാണ് മഷി പുരട്ടിയിരിക്കുന്നത്. ‘ഓപ്പൺ വോട്ടടക്കം രണ്ട് വോട്ടുകൾ ചെയ്ത് ഞാനും ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി" എന്നായിരുന്നു അടിക്കുറിപ്പ്. ഇടതു കൈയിലെ രണ്ട് വിരലുകളിലാണ് മഷി പുരട്ടിയിരിക്കുന്നതെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വിമർശനം ഉയർന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തലയൂരി.
ഓപ്പൺ വോട്ട് ചെയ്യുമ്പോൾ വലതു കൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുന്നത്. സി.പി.എം കാസർകോട് മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്ന് ദൃശ്യങ്ങൾ സഹിതം വാർത്ത പുറത്തുവന്നതോടെയാണ് പോസ്റ്റ് വിവാദമായത്. തുടർന്ന് ഡിലീറ്റ് ചെയ്തതിനും നിറയെ ചീത്തവിളിക്കൊപ്പം പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് സോഷ്യൽ മീഡിയയിൽ അഭിജിത്തിനെ പൊങ്കാലയിടുന്നത്.