കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് ജോബ് കൺസൾട്ടൻസി സ്ഥാപനം 250 പേരിൽ നിന്നായി നാലു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. കോട്ടയം, ആലപ്പുഴ, കണ്ണൂർ, പാലക്കാട്, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിൽ നിന്നുള്ള 110 പേർ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു നൽകിയ പരാതിയിൽ ഗാന്ധിനഗർ പൊലീസ് പ്രതിയുടെ ഓഫീസിലും വീട്ടിലും പരിശോധന നടത്തി 84 പാസ്പോർട്ടുകൾ പിടിച്ചെടുത്തു. സ്ഥാപന ഉടമ കൈപ്പുഴ ഇടമറ്റം റോബിൻ മാത്യു, ജീവനക്കാരായ ജെയിംസ്, നവീൻ എന്നിവരെ പ്രതികളാക്കി കേസ് രജിസ‌്റ്റർ ചെയ്‌തു. ഇസ്രായേൽ, ചെക്ക് റിപ്പബ്ലിക്ക്, യു.എസ്.എ, കാനഡ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്‌ത് ഒരു ലക്ഷം മുതൽ എട്ടു ലക്ഷം രൂപ വരെ ഈടാക്കിയെന്നാണ് കേസ്.
രണ്ടു വർഷം മുൻപ് കോട്ടയം നഗരത്തിൽ ആരംഭിച്ച ഫീനിക്‌സ് കൺസൾട്ടൻസി ആന്റ് ട്രാവൽ ഏജൻസി അഞ്ചു മാസം മുൻപാണ് എസ്.എച്ച് മൗണ്ടിലേയ്‌ക്ക് മാറ്റിയത്. ആറു മാസത്തെ വിസിറ്റിംഗ് വിസയും ജോലിയും നൽകുമെന്നായിരുന്നു പ്രധാന വാഗ്‌ദാനം. കഴിഞ്ഞ മാസം ഇസ്രയേലിലേയ്‌ക്ക് നൽകിയ വിസിറ്റിംഗ് വിസ വ്യാജമാണെന്ന് എംബസി കണ്ടെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്‌ച പൊലീസ് ഓഫീസിൽ പരിശോധന നടത്തി. ഇതിനു പിന്നാലെ സ്ഥാപനം പൂട്ടി ഉടമ മുങ്ങി. ഇന്നലെ രാവിലെ ഓഫീസിനു മുന്നിലെത്തിയ ഉദ്യോഗാർത്ഥികൾ കണ്ടത് ഗേറ്റ് പൂട്ടിക്കിടക്കുന്നതാണ്. ഇതോടെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
സ്ഥാപനത്തിന് സമീപത്തുള്ള ആഡംബര വീട് തന്റെയാണെന്നാണ് പ്രതി ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നത്.