പാലാ : നെച്ചിപ്പുഴൂർ കളപ്പുരയ്ക്കൽ മണിയെ (വാസുദേവൻ നായർ, 70) കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. സംഭവത്തിൽ നെച്ചിപ്പുഴൂർ മൈലാട്ടുപാറ സുഗതനെതിരെ (സുധൻ, 52) പൊലീസ് കേസെടുത്തു. തിങ്കളാഴ്ച പുലർച്ചെ ക്ഷേത്രത്തിൽ പോകുന്ന വഴി സുധന്റെ വീടിന് സമീപമെത്തിയപ്പോൾ സുധനും മക്കളും ചേർന്ന് തെങ്ങിൽ പിടിച്ചു കെട്ടുകയും മർദ്ദിക്കുകയുമായിരുന്നെന്ന് മണി പറഞ്ഞു. അന്വേഷിച്ചെത്തിയ നാട്ടുകാരോട് മണിയെ വീടിന് പിന്നിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതുകൊണ്ടാണ് പിടിച്ചു കെട്ടിയതെന്നാണ് സുധൻ പറഞ്ഞത്. മണിയുടെ ദേഹമാസകലം പോറലും മുറിവുമുണ്ട്. മണി പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ കുറച്ചുനാളുകൾക്ക് മുമ്പ് സുധൻ റോഡിൽ പോതപ്പുല്ല് കൃഷി ചെയ്തത് മണിയും മറ്റും ചോദ്യം ചെയ്‌തതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാർ പറയുന്നു. ഇരുവരുടേയും പരാതിയിൽ കേസെടുത്ത് അന്വേഷിച്ചുവരികയാണെന്ന് പാലാ എസ്‌. ഐ ബിനോദ് കുമർ അറിയിച്ചു.