കോട്ടയം: നാഗമ്പടത്തെ പഴയ റെയിൽവേ മേൽപ്പാലം പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് ഡിവിഷണൽ റെയിൽവേ അധികൃതർ റിപ്പോ‌‌ർട്ട് സമ‌ർപ്പിച്ചു. സ്‌ഫോടക വസ്‌തുക്കൾ പൂർണമായും പൊട്ടാതിരുന്നതാണ് പാലം തകർക്കൽ പരാജയപ്പെട്ടതിന് കാരണമായി പറയുന്നത്. പാലം തകർക്കുന്നതിനായി ഒരു ദിവസം ഗതാഗതം നിയന്ത്രിച്ചിരുന്നു. ഇത് മൂലം റെയിൽവേയ്‌ക്കുണ്ടായ നഷ്‌ടവും റിപ്പോ‌‌ർട്ടിൽ വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ റെയിൽവേ തിരുപ്പൂർ ആസ്ഥാനമായ കമ്പനിയിൽ നിന്നും നഷ്‌ടപരിഹാരം ഈടാക്കിയേക്കും. പുതിയ പാലം നിർമ്മിച്ച കമ്പനി തന്നെ പഴയ പാലം പൊളിക്കാൻ കരാർ ഏറ്റെടുക്കുകയും ഉപകരാറായി തിരുപ്പൂർ ആസ്ഥാനമായ കമ്പനിക്ക് നൽകുകയുമായിരുന്നു.

ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ സാന്നിദ്ധ്യത്തിലായിരുന്നു പാലത്തിന്റെ പൊളിക്കൽ ശ്രമം നടന്നത്. അതിനാൽ ഉന്നതതല സംഘം ഇനി സ്ഥലം സന്ദർശിക്കേണ്ടതില്ലെന്നാണ് റെയിൽവേയുടെ നിലപാട്.