പാലാ : സ്‌ഫോടനത്തിൽ വീട് ഭാഗികമായി തകർന്ന സംഭവത്തിൽ ഫോറൻസിക് വിദഗ്ദ്ധർ വീട്ടിലെത്തി തെളിവെടുത്തു. കരൂർ നെടുമ്പാറ പനമറ്റത്തിൽ(ഉപ്പൂട്ടിൽ) സതീഷന്റെ(48)വീട്ടിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ സതീഷിനെയും മകൻ സനിലിനെയും(21) പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കിണറുപണിക്കാരനായ സതീഷ് പാറ പൊട്ടിക്കാനുപയോഗിക്കുന്ന സ്‌ഫോടകവസ്തു വീട്ടിൽ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്നു. സതീഷും സനിലും നിസാരകാര്യത്തിന് വഴക്കടിച്ചിരുന്നു. സംഭവദിവസവും വാക്കുതർക്കമുണ്ടായി. തുടർന്ന് സതീഷ് മകന്റെ ഹെൽമെറ്റ് വലിച്ചെറിഞ്ഞു. ഇതിന്റെ വാശിയിൽ സതീഷിന്റെ വസ്ത്രങ്ങളും മറ്റും സനിൽ കട്ടിലിൽ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ സ്‌ഫോടക വസ്തുവിന് തീപിടിച്ചാണ് പൊട്ടിത്തെറിയുണ്ടായത്. ഫോറൻസിക് ഓഫീസർ സ്മിത എസ്. നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജലാസ്റ്റിക് സ്റ്റിക്കുകളും തോട്ടകളുമാണ് സ്‌ഫോടകവസ്തുവെന്ന് പരിശോധനയിൽ കണ്ടെത്തി. എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.