തലയോലപ്പറമ്പ് : കരിയാറിലും എഴുമാം കായലിലും എക്കൽ നിറഞ്ഞത് മൂലം നീരൊഴുക്ക് കുറഞ്ഞത് ജലഗതാഗതത്തിന് തടസ്സമാകുന്നു. പുഴയിൽ നിന്നുള്ള ഫലഭൂയിഷ്ടമായ എക്കൽ തൊഴിലാളികൾ വള്ളങ്ങളിൽ കോരി കൊണ്ടുപോയിരുന്നത് അവസാനിച്ചതും ജലാശയങ്ങളിൽ അവശിഷ്ടങ്ങളും മാലിന്യങ്ങളും നിക്ഷേപിക്കപ്പെട്ടതു മൂലം ആഴംകുറയുകയും ചെയ്തത് ജലഗതാഗതത്തെ സാരമായി ബാധിച്ചു. വലിയ തോതിൽ ചെളിനിറഞ്ഞ് നീരൊഴുക്ക് തടസപ്പെടുന്ന വിധത്തിലായ ഭാഗങ്ങളിൽ പോളയും പായലും ആമ്പലും അടക്കമുള്ള ജലസസ്യങ്ങളും തഴച്ചുവളരുന്നു സ്ഥിതിയിലാണ്. തലയോലപ്പറമ്പ് കടുത്തുരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കരിയാറിന് കുറുകെ നിർമ്മിച്ച എഴുമാംതുരുത്തു പാലത്തിന്റെ അടിഭാഗവും സമീപ സ്ഥലങ്ങളും എക്കൽ നിറഞ്ഞതിനെ തുടർന്ന് നീരൊഴുക്ക് പൂർണ്ണമായി തടസപെട്ടിരിക്കുകയാണ്. എഴുമാംതുരുത്ത് പാലത്തിനു സമീപത്തുള്ള പുതുശ്ശേരിക്കടവ് ജെട്ടിയിൽ വെള്ളമില്ലാത്തതിനാൽ വള്ളങ്ങളും ഹൗസ് ബോട്ടുകളും അടുപ്പിക്കാനാവാത്ത സ്ഥിതിയാണ്. ഒന്നര അടിയോളം വെള്ളമുള്ള ഈ ഭാഗത്ത് ചരക്കുകൾ കയറ്റി വരുന്ന വള്ളങ്ങൾ ചെളിയിൽ ഉറയ്ക്കുകയാണ്. കരിയാറിലെ മറ്റൊരു ജെട്ടിയായ കാന്താരിക്കടവിന്റെ സ്ഥിതിയും പരിതാപകരമാണ്. വൈക്കത്തെയും സമീപ പ്രദേശങ്ങളിലും ജലഗതാഗതം ഏറ്റവും കൂടുതലുള്ള ജലാശയങ്ങളിൽ ഒന്നാണ് കരിയാർ. റോഡുഗതാഗതം സാദ്ധ്യമാകാത്ത മുണ്ടാർ അടക്കമുള്ള പ്രദേശങ്ങളിലെ നിർദ്ധനകുടുംബങ്ങൾ ചെറുവള്ളങ്ങളെ ആശ്രയിച്ചാണ് പുറം ലോകവുമായി ബന്ധപ്പെടുന്നത്. ഉൾനാടൻ മത്സ്യതൊഴിലാളികളും പുല്ലു ചെത്തുതൊഴിലാളികളും കരിയാറിൽ എക്കൽ നിറഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. മുണ്ടാർ വിനോദസഞ്ചാരികളുടെ പറുദീസമായി മാറിയതോടെ വിദേശികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ഹൗസ് ബോട്ടുകളിൽ ജലസമൃദ്ധമായ മുണ്ടാറിന്റെ പ്രകൃതി ഭംഗി നുകരാനെത്തുന്നുണ്ട്. എക്കൽ നിറഞ്ഞ് നീരൊഴുക്ക് കുറഞ്ഞത് വിനോദ സഞ്ചാര മേഖലയ്ക്കും തിരിച്ചടിയായി. കരിയാറിനോട് അനുബന്ധിച്ചുള്ള പാടശേഖരങ്ങളുടെ പുറംബണ്ടുകളെല്ലാം ഇടിഞ്ഞുതാണ നിലയിലാണ്. വർഷകാലത്ത് നികന്നുകിടക്കുന്ന ആറിൽ വെള്ളം നിറഞ്ഞ് സമീപപ്രദേശങ്ങളിലെ കുടുംബങ്ങൾ വെള്ളപ്പൊക്ക ദുരിതത്തിലുമാകുന്നു. കരിയാറിലെ എക്കൽ നീക്കി നീരൊഴുക്ക് ശക്തിപ്പെടുത്താൻ അധികൃതർ നിരവധി പദ്ധതികൾ തയ്യാറാക്കിയെങ്കിലും ഒന്നും പ്രാവർത്തികമായില്ല. കരിയാറിലെ എക്കൽ നീക്കി നീരൊഴുക്ക് ശക്തമാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാണ്.