ഡാമേജ് ഇനത്തിൽ ജീവനക്കാർ തട്ടുന്നത് ലക്ഷങ്ങൾ
കോട്ടയം : ജില്ലയിലെ 7 ബിവറേജസ് കോർപറേഷൻ ചില്ലറ വില്പന ശാലകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. തിങ്കളാഴ്ച വൈകിട്ട് ഏഴര മുതൽ തുടങ്ങിയ പരിശോധന അർദ്ധരാത്രി വരെ നീണ്ടു. കോട്ടയം ഗാന്ധിനഗർ, പള്ളിക്കത്തോട്, ചിങ്ങവനം, മുണ്ടക്കയം, കടുത്തുരുത്തി ബിവറേജസ് കോർപ്പറേഷൻ ചില്ലറ വില്പന ശാലകളിലും, പാലായിലെയും ഏറ്റുമാനൂരിലെയും കൺസ്യൂമർഫെഡിന്റെ ചില്ലറ വില്പന ശാലകളിലായിരുന്നു പരിശോധന.
ഡാമേജ് ഇനത്തിലും, മദ്യം പൊതിഞ്ഞു കൊടുക്കുന്ന പേപ്പർ വാങ്ങുന്നതിന്റെ പേരിലും വൻ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്.
ഗാന്ധിനഗറിലെ ബിവറേജിൽ നടത്തിയ പരിശോധനയിൽ വില്പന നടത്തിയതായി കണ്ടെത്തിയ ബില്ലും തുകയും തമ്മിൽ വലിയ അന്തരമാണുള്ളത്. ഏപ്രിൽ മാസം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, ഡാമേജ് രജിസ്റ്ററിൽ 2000 രൂപയുടെ നാശനഷ്ടമാണ് കാണിച്ചിരിക്കുന്നത്. മുൻ മാസങ്ങളിൽ ഇത് 20,000 മുതൽ 25000 രൂപവരെയായിരുന്നു. ജീവനക്കാർ മദ്യം എടുത്ത ശേഷം ഡാമേജ് ഇനത്തിൽ എഴുതുകയാണ് പതിവ്.
മദ്യം വാങ്ങാൻ പ്രതിദിനം 50 കിലോ പത്രം വാങ്ങുന്നതായി കണക്കിലുണ്ടെങ്കിലും പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. മദ്യം പൊതിഞ്ഞു നൽകുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. ഇതുകൂടാതെ മദ്യത്തിന്റെ പേരും, വിലയും അളവും രേഖപ്പെടുത്തിയ ബോർഡ് ബിവറേജിനു മുന്നിൽ സ്ഥാപിച്ചിട്ടില്ലെന്നും കണ്ടെത്തി. വിജിലൻസ് എസ്.പി വിജിവിനോദ് കുമാറിന്റെ നേതൃത്വത്തിൽ, ഡിവൈ.എസ്.പിമാരായ എസ്.സുരേഷ്‌കുമാർ, എം.കെ മനോജ്, സി.ഐമാരായ എ.ജെ തോമസ്, നിഷാദ്‌മോൻ, റിജോ പി ജോസഫ്, മുബാറക്, ജെർലിൻ സ്‌കറിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
സ്റ്റോക്കുണ്ട് , കൊടുക്കില്ല
ജനപ്രിയ ബ്രാൻഡുകളായ ജവാൻ, ഫാർമർ ബ്രാൻഡുകൾ ആവശ്യത്തിനു സ്റ്റോക്കുണ്ടെങ്കിലും നൽകുന്നില്ല. സ്വകാര്യ കമ്പനികളുടെ ബ്രാൻഡുകൾ വിറ്റാൽ കമ്പനികളുടെ കമ്മിഷൻ ലഭിക്കുമെന്നതിനാൽ ചില ബ്രാൻഡുകൾ വില്ക്കാതെ മാറ്റിവയ്ക്കുകയാണ്. ഭൂരിഭാഗം വില്പനശാലകളിലും രണ്ടുജീവനക്കാരാണ് ജോലിക്കുള്ളത്. ബാക്കിയുള്ളത് താല്കാലികക്കാരാണ്. ഇവർക്ക് ഉത്തരവാദിത്വം കുറവായതിനാൽ തങ്ങളുടെ ജോലിയെയാണ് ബാധിക്കുന്നതെന്ന് ജീവനക്കാർ പരാതിപ്പെടുന്നു. ബില്ലിൽ കുറവുണ്ടായാൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നു പിടിക്കും. ഇതിനായുള്ള രജിസ്റ്റർ കൃത്യമായി പരിപാലിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.