കുടിവെള്ളം മുട്ടാതിരിക്കാൻ താഴത്തങ്ങാടിയിൽ തടയണ
കോട്ടയം : തണ്ണീർമുക്കം ബണ്ടിന്റെ 90 ഷട്ടറുകളും തുറന്നതോടെ ആറുകളിലേക്കും തോടുകളിലേക്കും ഉപ്പുവെള്ളം ഒഴുകിയെത്തി.
ഉപ്പ് വെള്ളം കയറി കുടിവെള്ളം മുട്ടാതിരിക്കാൻ താഴത്തങ്ങാടിയിൽ താത്കാലിക ബണ്ടിന്റെ പണി പൂർത്തിയായി. തെങ്ങിൻ കുറ്റിയും മുളയും ഉപയോഗിച്ച് ബണ്ട് കെട്ടി മണ്ണിട്ട് നിറച്ചാണ് താത്ക്കാലിക ഓരുമുട്ട് സ്ഥാപിച്ചത്. ഇതിന് 20 ലക്ഷത്തോളം ചെലവായെന്നാണ് കണക്ക്. സ്ഥിരം സ്പിൽവേ നിർമ്മിക്കാനുള്ള നീക്കം ഈ വർഷവും പൂർത്തിയാകാതെ വന്നതോടെയാണ് താത്കാലിക ബണ്ട് തീർത്തത്. അടുത്ത വെള്ളപ്പൊക്കമാകുമ്പോൾ ബണ്ട് പൊളിക്കണമെന്നാണ് നിബന്ധനയെങ്കിലും മൺതിട്ട കവിഞ്ഞ് വെള്ളം ഒഴുകുന്നതോടെ ബണ്ട് സ്വയം തകരും. ഇതിനായി കരാറുകാർ കാത്തിരിക്കും. തെങ്ങിൻ കുറ്റിയും മറ്റും മലവെള്ളത്തിലും പോകാതെ നിൽക്കുന്നതിനാൽ വെള്ളപ്പൊക്കത്തിൽ ഒഴികിയെത്തുന്ന വസ്തുക്കൾ തടഞ്ഞു നിന്ന് താഴത്തങ്ങാടി ആറ് മലിനമാകും. ഉപ്പുവെള്ളം കലർന്നതിനാൽ ആറുകളിലെയും തോടുകളിലെയും വെള്ളം കുളിക്കാനോ വസ്ത്രങ്ങൾ കഴുകാനോ ഉപയോഗിക്കാൻ കഴിയില്ലെങ്കിലും പായലടക്കം നശിച്ചു പോകും. മലിനീകരണത്തിനും ഇതോടെ കുറവുണ്ടാകുമെന്ന ആശ്വാസത്തിലാണ് നാട്ടുകാർ. പായൽ നിറഞ്ഞുകിടന്നത് ജലഗതാഗതത്തെയും ബോട്ട് സർവീസിനെയും സാരമായി ബാധിച്ചിരുന്നു.