പാലാ : ലോക തൊഴിലാളി ദിനത്തിൽ തൊഴിൽസ്ഥലം സുഗന്ധപൂരിതമാക്കിയ ഒരുപറ്റം ഒാട്ടോറിക്ഷതൊഴിലാളികൾ വേറിട്ട കാഴ്ചയാകുന്നു. മരങ്ങാട്ടുപിള്ളി ഓട്ടോറിക്ഷ സ്റ്റാൻഡിലെ അൻപതോളം തൊഴിലാളികളടങ്ങിയ 'സ്‌നേഹധാര ഓട്ടോബ്രദേഴ്‌സ് ' ആണ് സ്വന്തം തൊഴിലിടത്ത് പൂന്തോട്ടം തീർത്ത് വ്യത്യസ്തരാകുന്നത്. ടാക്‌സി സ്റ്റാൻഡുകളും പരിസരങ്ങളും പൊതുവെ വൃത്തിഹീനമാണെന്നുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് തിരുത്തുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് സ്‌നേഹധാരാ അംഗങ്ങൾ പറയുന്നു.
നാല് മാസം മുമ്പാണ് പൂന്തോട്ട നിർമ്മാണത്തിനായി തീരുമാനമെടുത്തത്. ജമന്തി, സൂര്യകാന്തി, നാലു മണിച്ചെടി, ചീരച്ചെടി മുതലായവയാണ് നട്ടുപിടിപ്പിച്ചത്. ഒഴിവു നേരങ്ങളിൽ ഓരോ തൊഴിലാളികളായി ചെടികളുടെ പരിപാലനം ഏറ്റെടുത്തു. മരങ്ങാട്ടുപിള്ളി സർവീസ് സഹകരണ ബാങ്ക് തൊഴിലാളികൾ പൂന്തോട്ടപരിപാലനത്തിന് സൗജന്യമായി ജലസേചനം വാഗ്ദാനം ചെയ്തു. വ്യാപാരി സമൂഹവും, നാട്ടുകാരും എല്ലാവിധ പിന്തുണയും നൽകി. ഒടുവിൽ പൂക്കൾ വിരിഞ്ഞ് പൂമ്പാറ്റകൾ പാറിപ്പറക്കുന്ന സുഗന്ധപൂരിതമായ ഓട്ടോറിക്ഷസ്റ്റാൻഡായി ഇതു മാറി.
പ്രവൃത്തിയിലും ഇവർ ' സ്നേഹധാര'
സ്‌നേഹധാര ഓട്ടോബ്രദേഴ്‌സിന്റെ നേതൃത്വത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. 50 ഓട്ടോറിക്ഷകളിലായി സ്ഥാപിച്ചിരിക്കുന്ന ബോക്‌സിൽ ഒാരോ ദിവസവും പത്ത് രൂപ വീതം ഓരോ തൊഴിലാളിയും നിക്ഷേപിക്കുന്നു. യാത്രക്കാർക്കും ഈ ബോക്‌സിൽ തന്നാലാവുന്ന തുക നിക്ഷേപിക്കാം. മാസാവസാനം 50 ഓട്ടോറിക്ഷയിലേയും തുക ഒരുമിച്ചെടുത്ത് എന്തെങ്കിലും കാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കുകയാണ് പതിവ്. ജോയി തോമസ്, അനീഷ് പി.വി എന്നിവരാണ് സ്‌നേഹധാര ഓട്ടോബ്രദേഴ്‌സിന്റെ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത്.
അടിക്കുറിപ്പ്--- സ്നേഹധാര അംഗങ്ങൾ പൂന്തോട്ടത്തിന് സമീപം