പൂഞ്ഞാർ : രണ്ടുദിവസത്തെ ഉത്സവത്തിമിർപ്പിന് കൊടിയിറങ്ങി. കുഞ്ഞുമനസുകളിൽ ആഹ്ലാദത്തിന്റെ മഴവില്ല് തീർത്ത് ആലിപ്പഴം പെയ്തിറങ്ങി. അടുത്തയാണ്ടിലെ പുതുമഴയിൽ വീണ്ടും ആലിപ്പഴം പെയ്യുമെന്ന പ്രതീക്ഷയോടെ കൈപിടിച്ച് കുലുക്കിയും കെട്ടിപ്പിടിച്ചും പൂഞ്ഞാറിന്റെ പുണ്യഭൂമിയിൽ നിന്ന് പരസ്പരം യാത്ര പറയുമ്പോൾ കുഞ്ഞുമുഖങ്ങളിൽ ഒരുവേള വേർപാടിന്റെവേദന നിറഞ്ഞു; തൊട്ടടുത്ത വർഷം വീണ്ടും കാണാമല്ലോ എന്ന ആശ്വാസം ആനന്ദാശ്രുക്കൾക്ക് വഴിമാറി.
എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനും പോഷകസംഘടനകളും കേരളകൗമുദിയും കേരളവിഷനും സംയുക്തമായി പൂഞ്ഞാർ മങ്കുഴി ആകല്പാന്തപ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ അവധിക്കാല ക്യാമ്പ് 'ആലിപ്പഴ'ത്തിന്റെ സമാപന ദിവസമായ ഇന്നലെ ഉജ്ജ്വലമായ പരിപാടികളാണ് നടന്നത്.
പുണ്യാമോഹനും കുട്ടികളുംചേർന്ന് നടത്തിയ പ്രാർത്ഥനയ്ക്കുശേഷം ദീപാർപ്പണം നടന്നു. തുടർന്ന് ആട്ടവും പാട്ടും കളികളുമായി അനൂപ് വൈക്കത്തിന്റെ ക്ലാസ്‌ ജോറായി. അടിപൊളി സാഹസിക ഇനങ്ങളുമായി ഗിന്നസ് അബീഷ്‌ വേദിയിലെത്തിയപ്പോൾ കുട്ടികൾ ആർത്തുവിളിച്ചു. പച്ചതേങ്ങകൾ കൈകൊണ്ടും, കാൽമുട്ടുകൊണ്ടും, നെറ്റികൊണ്ടും വെട്ടിപ്പൊട്ടിച്ച് അബീഷ് സാഹസികതയുടെ നേർക്കാഴ്ച ഒരുക്കിയപ്പോൾ കുട്ടികൾ ഏറെ ആവേശത്തിലായി; ''അബീഷ് അണ്ണൻ കീജെയ്.... അബീഷ് അണ്ണൻ കീജെയ്...'' വിളികളുയർന്നു. കറങ്ങുന്ന ടേബിൾ ഫാനിൽ കൈകൾ പ്രത്യേകം ചലിപ്പിച്ച് സംഗീതമൊരുക്കിയ അബീഷ് നാക്കുകൊണ്ട് കറങ്ങുന്ന ഫാൻ നിർത്തിയപ്പോഴും കരഘോഷമുയർന്നു.
ഉച്ചതിരിഞ്ഞ് പ്രശസ്ത മജീഷ്യൻ പ്രൊഫ. പി.എം. മിത്ര അവതരിപ്പിച്ച മായാജാലം കുട്ടികളുടെ സദസ് ഒന്നടങ്കം ആർപ്പുവിളികളോടെയാണ് വരവേറ്റത്. കൈയ്യടിച്ചും, ജയ് വിളിച്ചും പ്രോത്സാഹിപ്പിച്ച കുട്ടികൾക്ക് മിത്ര മാജിക്കിലൂടെ മധുരം വിളമ്പിയപ്പോൾ സന്തോഷത്തിന്റെ ആരവങ്ങളുയർന്നു. മുക്കാൽ മണിക്കൂറോളം ആലിപ്പഴത്തിലെ ആയിരങ്ങളെ പ്രൊഫ. മിത്ര ഇന്ദ്രജാലത്തിന്റെ ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഒടുവിൽ ആലിപ്പഴം ക്യാമ്പിലെ കൂട്ടുകാരുടെ പ്രതിനിധിയായി മജീഷ്യൻ കണ്ണൻമോൻ പ്രൊഫ. മിത്രയെ മാജിക്കിലൂടെ ആദരിച്ചതും ശ്രദ്ധേയമായി. ആലിപ്പഴം ക്യാമ്പിലെ ആദ്യ ദിവസം മാജിക് അവതരിപ്പിച്ച കണ്ണൻമോനെ അഭിനന്ദിച്ചുകൊണ്ട്‌ വേദിയിലേക്ക് വിളിച്ച മിത്ര, കുറെ മുല്ലപ്പൂക്കൾ കണ്ണൻമോന് സമ്മാനിച്ചു. ഈ മുല്ലപ്പൂക്കൾ ഞൊടിയിടയിൽ 'മുല്ലമാല'യാക്കി കണ്ണൻമോൻ പ്രൊഫ. മിത്രയെ അണിയിച്ചാണ് മാജിക്കിലൂടെയുള്ള ആദരവ് തിരികെ നൽകിയത്.
തുടർന്ന് നടന്ന കുട്ടികളുടെ കൾച്ചറൽ പ്രോഗ്രാമിൽ ഐശ്വര്യ എസ്. ദൈവദശകത്തിന്റെ നൃത്താവിഷ്‌ക്കാരം വേദിയിലവതരിപ്പിച്ച് എല്ലാവരുടെയും അഭിനന്ദനം പിടിച്ചുപറ്റി. പാലാ സെന്റ്‌മേരീസ് ഹൈസ്‌ക്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനിയായ ഐശ്വര്യ, പൂവരണി ഓലിക്കൽ ഷിൻജോ - രമ ദമ്പതികളുടെ മകളാണ്. പാട്ടും നൃത്തവുമായി മറ്റ് പല കുട്ടികളും ആലിപ്പഴത്തിന്റെ കലാവേദിയെ സമ്പന്നമാക്കി. ക്യാമ്പ് അവലോകനയോഗത്തിൽ ആൺകുട്ടികളുടെ പ്രതിനിധിയായി പാലാ ടൗൺ ശാഖയിലെ ഗോപനും പെൺകുട്ടികളുടെ പ്രതിനിധിയായി മല്ലികശ്ശേരി ശാഖയിലെ അനൂപും പങ്കെടുത്ത് സംസാരിച്ചു.
വൈകിട്ട് മീനച്ചിൽ യൂണിയൻ കമ്മറ്റിയംഗം ഷാജി കടപ്പൂരിന്റെ അദ്ധ്യക്ഷതയിൽചേർന്ന സമാപന സമ്മേളനം യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കേരള വിഷൻ ചെയർമാൻ പ്രവീൺമോഹൻ മുഖ്യാതിഥിയായിരുന്നു. 'കേരളകൗമുദി'കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് സമ്മാനദാനം നിർവഹിച്ചു. ഡോ. പി.ജി. സതീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ നേതാക്കളായ എം.ആർ. ഉല്ലാസ്, ഷിബു കല്ലറയ്ക്കൽ, കൊണ്ടൂർ രാജൻ, സജി മുല്ലയിൽ എന്നിവരും വനിതാസംഘംനേതാക്കളായ മിനർവ മോഹൻ,സോളി ഷാജി തലനാട്, യൂത്ത് മൂവ്‌മെന്റ്‌നേതാക്കളായ അനീഷ് ഇരട്ടയാനി, അരുൺ കുളമ്പള്ളി, സുധീഷ് തിടനാട് എന്നിവരും സ്വാഗതസംഘം ചെയർമാൻ ദീപേഷ് തീക്കോയി, മുൻ മീനച്ചിൽ യൂണിയൻ പ്രസിഡന്റ് പി.ജി. അനിൽകുമാർ, കെ.ആർ. സൂരജ് പാലാ തുടങ്ങിയവരും ആശംസകൾ നേർന്നു. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച ശാഖയ്ക്കുള്ള ട്രോഫി എസ്.എൻ.ഡി.പി യോഗം തീക്കോയി ശാഖ ഏറ്റുവാങ്ങി. പൂഞ്ഞാർ ശാഖാ സെക്രട്ടറി വിനു വി.എസ്‌ വേലംപറമ്പിൽ സ്വാഗതവും മീനച്ചിൽ യൂണിയൻ കമ്മറ്റിയംഗം കൊണ്ടൂർ രാജൻ നന്ദിയും പറഞ്ഞു.