കോട്ടയം : റബറിന്റെ വിലയിടിവിൽ ആശങ്ക വേണ്ടെന്നും വരുംവർഷങ്ങളിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ മാറി നല്ല ഭാവിയുണ്ടാകുമെന്നും റബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടറായി ചുമതലയേറ്റ ഡോ.കെ.എൻ രാഘവൻ കോട്ടയം പ്രസ്ക്ലബിന്റെ മീറ്റ്‌ ദ പ്രസിൽ പറഞ്ഞു. റബർ കർഷകർ വ്യാകുലപ്പെടേണ്ട സാഹചര്യമില്ല. വിലയിലെ ഏറ്റക്കുറച്ചിൽ സാധാരണ പ്രതിഭാസമാണ്. വില കുറയുന്നത് മൂലം കർഷകർ കൃഷി ഉപേക്ഷിക്കരുത്. മറ്റു കൃഷിയേക്കാൾ ഏറെ ആശ്രയിക്കാവുന്ന റബർ ചതിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിലകുറവ്‌ പരിഹരിക്കാനുള്ള ദീര്‍ഘകാല പദ്ധതികൾ റബർ ബോർഡ് ആവിഷ്കരിക്കും. 12 ലക്ഷം ടൺ റബറിന്റെ ആവശ്യകതയുള്ളപ്പോൾ ആറ് ലക്ഷം ടൺ റബറാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്. ഇതുമൂലമാണ് ഇറക്കുമതി ആവശ്യമായി വരുന്നത്. കൂടുതൽ ഉത്‌പാദനം ഉണ്ടായില്ലെങ്കിൽ ഇറക്കുമതി സാദ്ധ്യത വർദ്ധിക്കുമെന്നതിനാൽ മരത്തിൽ ഇരിക്കുന്ന റബർ കൂടി പുറത്ത് കൊണ്ടുവരുന്ന വിധത്തിൽ കർഷകർക്ക് പ്രയോജനം ചെയ്യുന്ന രീതിയിലുള്ള പരിഹാര നിർദ്ദേശങ്ങൾ നടപ്പിലാക്കും. ടയർ നിർമ്മാണത്തിൽ കൂടുതൽ റബർ ഉപയോഗിക്കുന്നതിനാലാണ് വിപണിയിൽ ടയർ കമ്പനികൾ സ്വാധീനം ചെലുത്താൻ കാരണം. കൂടുതൽ റബർ മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കുകയാണ് ഇതിന് പരിഹാരം. ആഭ്യന്തര വിപണിയിൽ റബറിന്റെ ഉപഭോഗം വർദ്ധിപ്പിക്കാനാണ് ബോർഡ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. ഉത്പാദനം കൂട്ടുന്നതിന് റബർ ബോർഡ് കൂടുതൽ സ്ഥലങ്ങളിൽ റബർ കൃഷി പ്രോത്സാഹിപ്പിക്കും. ഗോവയിലും മഹാരാഷ്ട്രയിലും ഇതിനുള്ള ശ്രമം തുടങ്ങി. പുതുതായി റബർവച്ചു പിടിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകും. റബർ കർഷകർക്ക് സഹായകമായ പദ്ധതികൾ നടപ്പിലാക്കാൻ ബോർഡ് കൂടുതൽ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.