പരാതിക്കാരുടെ എണ്ണം 250 കഴിഞ്ഞു

കോട്ടയം : എസ്.എച്ച് മൗണ്ടിലെ ഫിനിക്‌സ് തട്ടിപ്പ് കേസിൽ സ്ഥാപന ഉടമയ്‌ക്കെതിരെ ഗാന്ധിനഗർ പൊലീസ് 11 കേസ് രജിസ്റ്റർ ചെയ്‌തു. തട്ടിപ്പിന് ഇരയായ വിവിധ ജില്ലകളിൽ നിന്നുള്ള 251 പേരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. നാലു കോടി രൂപയ്‌ക്കു മുകളിൽ തട്ടിയെടുത്തതായാണ് ഉടമ കൈപ്പുഴ ഇടമറ്റത്തിൽ റോബിനെതിരെയുള്ള പരാതി. വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിൽ 90 ഇന്ത്യൻ പാസ്‌പോർട്ടുകളും, 61 സർട്ടിഫിക്കറ്റുകളും ലഭിച്ചു. റോബിനും, ജീവനക്കാരും അടക്കം അ‌ഞ്ചു പേർ കേസിൽ പ്രതിയാകുമെന്നാണ് സൂചന. ഗാന്ധിനഗർ എസ്.എച്ച്.ഒ ധനപാലന്റെ നേതൃത്വത്തിലാണ് അന്വേഷണം. സോഷ്യൽമീഡിയ വഴി ഇടപാടുകാരെ കണ്ടെത്തി ഒരു ലക്ഷം മുതൽ ഏഴു ലക്ഷം രൂപ വരെ ശമ്പളം വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. റോബിൻ രാജ്യത്തിന് പുറത്തേയ്‌ക്ക് കടക്കാതിരിക്കാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്റലിജൻസ് റിപ്പോ‌ർട്ട് അവഗണിച്ചു
ഫിനിക്‌സ് തട്ടിപ്പ് സംഘത്തെപ്പറ്റി മൂന്നുമാസം മുൻപ് നൽകിയ ഇന്റലിജൻസ് റിപ്പോർട്ട് ഗാന്ധിനഗർ പൊലീസ് അവഗണിച്ചു. ലൈസൻസ് ഇല്ലെന്ന് ഉറപ്പായിട്ടും, സ്ഥാപനം അടച്ച് പൂട്ടാൻ നിർദ്ദേശിക്കാതെ പരാതി തീർപ്പാക്കുകയായിരുന്നു. സ്ഥാപനത്തിനു മുന്നിൽ ഉദ്യോഗാർത്ഥികൾ തർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിയത്.