കോട്ടയം: പതിനാറിൽച്ചിറ പൈനിപ്പാടത്തെ കർഷകരുടെ പ്രതിസന്ധിയ്‌ക്ക് പരിഹാരമായി. ഒരു ക്വിന്റലിൽ രണ്ടു കിലോ തൂക്കം കുറയ്‌ക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ കർഷകരുടെ നെല്ലെടുത്ത് തുടങ്ങി. ഇന്നലെ രാവിലെ ഒരു വിഭാഗം കർഷകരുടെ നെല്ല് ഏറ്റെടുക്കാൻ മില്ലുടമകൾ തയ്യാറാകാതെ വന്നതോടെ കർഷകർ ലോറി തടഞ്ഞിട്ട് പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് രണ്ടു കിലോ കുറച്ച് നെല്ലെടുക്കാം എന്ന ധാരണയിൽ എത്തിച്ചേർന്നത്.
സംഭവം ഇങ്ങനെ
ഏപ്രിൽ 23 നായിരുന്നു ഇല്ലിക്കൽ പതിനാറിൽച്ചിറ തെക്കേ പൈനിപ്പാടത്ത് വിളവെടുപ്പ് നടന്നത്. ഒരു ക്വിന്റൽ നെല്ല് സംഭരിക്കുമ്പോൾ, ഈർപ്പത്തിന് നാലു കിലോയും, ചാക്കിന്റെ തൂക്കമായി 700 ഗ്രാമും കുറയ്‌ക്കുമെന്നായിരുന്നു മില്ലുടമകൾ കർഷകരെ അറിയിച്ചത്. ഇതോടെ നെല്ല് സംഭരണം പ്രതിസന്ധിയിലായി. തുടർന്ന് ഇന്നലെ രാവിലെ നെല്ല് എടുക്കാൻ എത്തിയ മില്ലുടമകളുടെ ലോറി കർഷകർ ചേർന്ന് തടയുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ ചർച്ചകൾക്കൊടുവിൽ രണ്ടു കിലോ കുറയ്‌ക്കാൻ കർഷകർ സമ്മതിച്ചു. തുടർന്ന് ഇവിടെ സംഭരിച്ച നെല്ല് മില്ലുകളിലേയ്‌ക്ക് കൊണ്ടു പോയി തുടങ്ങി.
25 ഏക്കർ പാടശേഖരത്തിൽ ഒൻപത് കർഷകരാണ് കൃഷി ചെയ്യുന്നത്. 17 ശതമാനം ഈർപ്പമാണ് നെല്ലിന് സർക്കാർ അംഗീകരിച്ചിരിക്കുന്നത്. ഈ പാടശേഖരത്തെ നെല്ലിന് ഇതിൽ താഴെ മാത്രമാണ് ഈർപ്പമുണ്ടായിരുന്നത്. എന്നാൽ, കർഷകരെ ഭീഷണിപ്പെടുത്തി നെല്ല് വാങ്ങിയെടുക്കാനാണ് ഒരു വിഭാഗം മില്ലുടമകൾ ശ്രമിച്ചത്. സ്വർണ്ണം പണയപ്പെടുത്തിയും പലിശക്ക് പണം വാങ്ങിയുമാണ് കർഷകരിൽ ഏറെയും കൃഷിയിറക്കിയിരിക്കുന്നത്. സൗജന്യമായി നെൽ വിത്ത് ലഭിച്ചങ്കിലും പ്രളയം 15ൽ കടവിനെ കാര്യമായി ബാധിച്ചില്ലന്ന കൃഷി ഓഫീസറുടെ കണ്ടെത്തൽ മൂലം പാടശേഖരത്തിലെ എക്കൽ നീക്കം ചെയ്യാൻ സർക്കാർ പ്രഖ്യാപിച്ച 4800 രൂപ പോലും തെക്കേ പൈനിപ്പാടത്തെ കർകർക്ക് ലഭിച്ചില്ലെന്നും കർഷകർ പറയുന്നു.