തൊടുപുഴ: ഏഴുവയസുകാരനെ ക്രൂരമായി മർദിച്ച് മൃതപ്രാണനാക്കിയ സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കെതിരെ വെളിപ്പെടുത്തലുമായി യുവതിയുടെ ഭർതൃപിതാവ് രംഗത്തെത്തി. യുവതിയുടെ ഭർത്താവ് ബിജു മരിച്ച് മൂന്നാമത്തെ ദിവസം അരുൺ ആനന്ദിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതായി ബിജുവിന്റെ പിതാവ് ബാബു പറഞ്ഞു. ബാബുവിന്റെ സഹോദരീ പുത്രനാണ് അരുൺ ആനന്ദ്.
ബിജുവിന്റെ പക്കൽ നിന്ന് 15വർഷം മുൻപ് അരുൺ പണം കടം വാങ്ങിയിരുന്നു. അത് തിരിച്ചു ചോദിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കിടുകയും പിന്നീട് കാര്യമായ ബന്ധമുണ്ടായിരുന്നില്ല. ബിജുവിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. മരിക്കുന്നതിന്റെ തലേ ദിവസവും ഫോണിൽ വിളിച്ച് സംസാരിച്ചു. വർക്ക് ഷോപ്പിൽ നിന്ന് നല്ല വരുമാനം ലഭിക്കുന്നുണ്ടെന്നും സ്ഥാപനത്തിന് സമീപത്തായി ഒരു വീട് വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും ബിജു പറഞ്ഞിരുന്നതായി അച്ഛൻ പറഞ്ഞു. ഉടുമ്പന്നൂരിലെ ഭാര്യ വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു ബിജു മരണപ്പെട്ടത്.
ബിജു മരിച്ച ദിവസം തന്നെ മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചു. അന്ന് അരുൺ ആനന്ദ് വീട്ടിലെത്തുകയും മരുമകളെ കണ്ടു സംസാരിക്കുകയും ചെയ്തു. പിറ്റേ ദിവസവും അരുൺ ബിജുവിന്റെ വീട്ടിലെത്തി യുവതിയുമായി സംസാരിക്കുകയും ചെയ്തു. മൂന്നാം ദിവസമായപ്പോൾ അരുണിനെ വിവാഹം ചെയ്യണമെന്ന് മരുമകൾ തന്നോട് പറഞ്ഞെന്ന് ബാബു വ്യക്തമാക്കി. അതേസമയം, യുവതിയും അരുണുമായി നേരത്തേ എങ്ങനെ ബന്ധമുണ്ടായെന്ന കാര്യം അറിയില്ലെന്നും ബാബു പറഞ്ഞു.
ബിജുവിന്റേത് സ്വാഭാവിക മരണമെന്നാണ് കരുതിയതെങ്കിലും ഇപ്പോൾ മരണത്തിൽ സംശയം ബാക്കിനിൽക്കുന്നതുമായി കാണിച്ച് മുഖ്യമന്ത്രിയോട് അന്വേഷണത്തിന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിജുവിന്റെ ബന്ധുക്കൾ. ഈ സാഹചര്യത്തിൽ യുവതിയും അരുണുമായി നേരത്തേ ബന്ധമുണ്ടോ എന്ന കാര്യത്തിലും സംശയം ഉയരുകയാണ്. എന്നാൽ ബിജുവിന്റെ മരണ ശേഷമാണ് അരുണുമായി പരിചയപ്പെട്ടതെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.