ന്യൂഡൽഹി : പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് ഉയർത്തിക്കാട്ടുന്ന രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ അമേഠിക്ക് പുറമേ ദക്ഷിണേന്ത്യയിലെ ഒരിടത്തുനിന്നു കൂടി തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിർദ്ദേശം ആദ്യം മുന്നോട്ട് വച്ചത് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തിന് തെക്കേ ഇന്ത്യയിലും ഇത് ശക്തി പകരും എന്നതിനാലാണ് ഇദ്ദേഹം ഈ ആശയം മുന്നോട്ട് വച്ചത്. ഈ ആശയത്തെ യു.പി.എയിലെ സഖ്യകക്ഷികളും പിന്തുണച്ചിരുന്നു. കർണാടകയിലെ ഒരു സുരക്ഷിത മണ്ഡലത്തിൽ നിന്നും രാഹുൽ ജനവിധി തേടും എന്നാണ് പൊതുവെ കരുതിയിരുന്നത്. ഇവിടെ ബി.ജെ.പിയാണ് കോൺഗ്രസിന്റെ മുഖ്യശത്രുവെന്നതും, 2009 ൽ കോൺഗ്രസിന്റെ അന്നത്തെ ദേശീയ അദ്ധ്യക്ഷയും രാഹുൽ ഗാന്ധിയുടെ അമ്മയുമായ സോണിയഗാന്ധി കർണാടത്തിൽ നിന്നും ജനവിധി തേടിയതും മുൻനിർത്തിയാണ് രാഹുലും ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന ആവശ്യം പൊതുവെ ഉയർന്നത്.
രാഹുൽ ദക്ഷിണേന്ത്യയിൽ മത്സരിക്കുമെന്ന അഭ്യൂഹമുയർന്നയുടനെ സുരക്ഷിത മണ്ഡലമായി കേരളത്തിലെ വയനാടും ഹൈക്കമാൻഡ് പരിഗണിച്ചിരുന്നു. എന്നാൽ മുഖ്യശത്രു ബി.ജെ.പിയായതിനാൽ കർണാടകമാണ് നല്ലതെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയടക്കം അഭിപ്രായപ്പെട്ടത്. എന്നാൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡിലുള്ള സമ്മർദ്ദം രാഹുലിനെ കേരളത്തിലെ വയനാട്ടിൽ മത്സരിപ്പിക്കാൻ എത്തിക്കുന്നതിൽ വിജയം കണ്ടെത്തുകയായിരുന്നു. സുരക്ഷിത മണ്ഡലമെന്ന നിലയിൽ വയനാടിനെ പരിഗണിക്കാൻ ഒടുവിൽ ഹൈക്കമാൻഡ് തീരുമാനിച്ചു.
മാർച്ച് ഇരുപതോടെ കേരളത്തിൽ മത്സരിക്കുന്നതിനെ കുറിച്ച് രാഹുൽ കോൺഗ്രസ് നേതാക്കളോട് അഭിപ്രായം ചോദിച്ചിരുന്നു. ഉമ്മൻചാണ്ടിയിലൂടെ ഈ വിവരം കേരളത്തിലെ മാദ്ധ്യമങ്ങളിൽവാർത്തയായപ്പോഴാണ് സഖ്യകക്ഷികളടക്കം ഇക്കാര്യത്തെ കുറിച്ച് അറിയുന്നത്. കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പി അല്ലെന്നും ഇടത് കക്ഷികൾക്കെതിരെ കോൺഗ്രസ് അദ്ധ്യക്ഷൻ മത്സരിക്കുന്നത് അനുചിതമാണെന്ന് എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ രാഹുലിനോട് സൂചിപ്പിച്ചിരുന്നു.