osho

മോഹൻലാലിന്റെ ഓരോ സിനിമയും ആരാധകർക്ക് നൽകുന്ന ആവേശത്തിനും ആഹ്ളാദത്തിനും അതിരുകളില്ല. തിയേറ്ററുകളിൽ നിറഞ്ഞോടുന്ന ലൂസിഫർ തന്നെ അതിന് ഏറ്റവും മികച്ച തെളിവാണ്. പല വമ്പൻ ചിത്രങ്ങളും ലാലിന്റെതായി അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. അവയിൽ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഓഷോ. ഇന്ത്യയിലെ ആത്മീയ ഗുരുക്കന്മാരിൽ പ്രശസ്‌തനായ ഓഷോയുടെ കടുത്ത ആരാധകനാണ് താനെന്ന് പലതവണ മോഹൻലാൽ വ്യക്തമാക്കിയിട്ടുണ്ട്.

ഓഷോ രജനീഷായുള്ള ലാലിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടു കൂടിയാണ് ചിത്രത്തെ സംബന്ധിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ചത്. പിന്നീട് ഒരുഘട്ടത്തിൽ മോഹൻലാൽ ആ ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചു. എന്നാൽ ഇപ്പോഴിതാ, ഓഷോ എന്ന ബ്രഹ്മാണ്ഡ ചിത്രത്തെ കുറിച്ച് സാക്ഷാൽ മോഹൻലാൽ തന്നെ മനസു തുറക്കുകയാണ്. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലാൽ ഇക്കാര്യം വ്യക്തമാക്കിയത്.

നമ്മൾ ആ പ്രോജക്‌ട് മാക്‌സിമം നടത്താൻ നോക്കി. എല്ലാ സിനിമയ്‌ക്കും ഒരു ജാതകമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ലാസ്‌റ്റ് മിനുട്ടിൽ അത് നടക്കാതെ പോയി. ഇനി അതിനെ രണ്ടാമത് പൊക്കികൊണ്ട് നടക്കാൻ പറ്റുമോയെന്നുള്ളത്....അതൊരു പക്ഷേ അതായിരിക്കും അതിന്റെ രീതി. അത്രയും മതിയായിരിക്കും. പക്ഷേ പിന്നണി പ്രവർത്തകർ ആ സിനിമ ചെയ്യാൻ നോക്കുന്നുണ്ട്.

ഒരു വലിയ ഫിലിമായിട്ട് മാറും. നമുക്കൊരു ഇന്റർനാഷണൽ ഫിലിമെടുക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ നോക്കണം. ഒരുപാട് സ്‌റ്റുഡിയോസിന്റെ ഹെൽപ് വേണം. എങ്കിലേ അതെടുത്തിട്ട് കാര്യമുള്ളൂ. ആ സമയത്ത് അവർക്കത് ചെയ്യാൻ കഴിഞ്ഞില്ല. അപ്പോൾ അത് നടക്കുന്നെങ്കിൽ നടക്കെട്ടെ.ഇനി അത് നടക്കാൻ സാധ്യത കുറവാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.