വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ജയരാജനെതിരെ നടത്തിയ "കൊലയാളി പരാമർശ"ത്തിൽ ആർ.എം.പി നേതാവ് കെ.കെ രമയ്ക്കെതിരെ കേസെടുത്തു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകിയ പരാതിയിലാണ് കേസ്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്താനും പൊതുജന മദ്ധ്യത്തിൽ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുവാനും കെ.കെ രമ ശ്രമിച്ചുവെന്നും, ഇതിനെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നുമായിരുന്നു കോടിയേരി പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്. കോഴിക്കോട് ആർ.എം.പി യോഗത്തിന് ശേഷം വാർത്താ സമ്മേളനം നടത്തിയപ്പോഴാണ് പി ജയരാജൻ 'കൊലയാളി'യാണെന്ന് കെ.കെ രമ പറഞ്ഞത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് പി.ജയരാജനെ മത്സരിപ്പിക്കാനുള്ള നീക്കം വോട്ടർമാരോടുള്ള വെല്ലുവിളിയാണെന്നും ഇതിനെ സർവശക്തിയുമുപയോഗിച്ച് എതിർക്കുമെന്ന് നേരത്തെ ആർ.എം.പി വ്യക്തമാക്കിയിരുന്നു.