ചെന്നൈ: തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി എന്ന പേരിൽ തെന്നിന്ത്യൻ താര സുന്ദരി നമിത വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. സംഭവത്തെ കുറിച്ച് മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റാണെന്ന് വിശദീകരിച്ച് താരത്തിന്റെ ഭർത്താവ് വീരേന്ദ്ര ചൗധരി രംഗത്തെത്തി. യഥാർത്ഥ സംഭവം വിശദീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു അദ്ദേഹം.
ഒരു ഷൂട്ടിന്റെ ആവശ്യത്തിനായി താനും നമിതയും സേലം വഴി ഏർക്കാടിലേക്ക് കാറിൽ പോകുകയായിരുന്നു. വഴിമദ്ധ്യേ മൂന്നു തവണയായി പല ജംഗ്ഷനുകളിൽ വാഹന പരിശോധനയ്ക്കായി കാർ നിർത്തേണ്ടി വന്നുവെങ്കിലും അതെല്ലാം വളരെ സമാധാനപൂർവം കഴിഞ്ഞു. സേലം ഏർക്കാട് ജംഗ്ഷനിൽ എത്തിയപ്പോൾ വഴിയിൽ കാത്ത് നിന്നിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ കാർ നിറുത്താൻ ആവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് ചൗധരി പറയുന്നു.
''ഞങ്ങൾ കുറ്റവാളികളാണെന്ന മട്ടിൽ അധികാരത്തോടെ ആയിരുന്നു ഉദ്യോഗസ്ഥന്റെ പെരുമാറ്റം. വളരെയധികം ക്ഷീണിതയായിരുന്ന നമിത കാറിലെ പിൻ സീറ്റിൽ മയങ്ങുകയായിരുന്നു. അന്വേഷണത്തിനിടെ കാറിന്റെ പിൻവശത്തെ വാതിൽ തുറക്കാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. എന്നാൽ നമിതയെ പുറത്തേക്ക് വിളിക്കാമെന്നു ഞാൻ പറഞ്ഞെങ്കിലും അതു വകവെക്കാതെ അയാൾ പിൻവശത്തെ വാതിൽ ശക്തിയായി തുറന്നു. ഉദ്യോഗസ്ഥന്റെ പെട്ടെന്നുള്ള പ്രവൃത്തിയിൽ കാറിന്റെ വാതിലിൽ ചാരി കിടന്ന് വിശ്രമിക്കുകയായിരുന്ന നമിത പുറത്തേക്കു വീണില്ലെന്ന് മാത്രം. തുടർന്ന് നമിതയോട് ക്ഷമ ചോദിച്ച ശേഷം അദ്ദേഹം കാറിനുള്ളിൽ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു വാഹന പരിശോധന നടന്നത്. നിയമവിരുദ്ധമായി എന്തെങ്കിലും വസ്തുക്കൾ കടത്താനുള്ള ശ്രമമാണോ എന്നു പരിശോധിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ബാഗുകളും തുറന്നു കാട്ടണമെന്ന് പറഞ്ഞ ഉദ്യോഗസ്ഥൻ നമിതയുടെ വാനിറ്റി ബാഗും തുറന്നു കാട്ടാൻ ആവശ്യപ്പെട്ടു. എന്നാൽ നമിത അത് നിരസിക്കുകയും വനിതാ പോലീസിനെ വിളിച്ചാൽ അവർക്ക് മുന്നിൽ ബാഗ് തുറന്ന് കാണിക്കാമെന്ന് മറുപടി നൽകുകയും ചെയ്തു. ഇതാണ് സംഭവിച്ചത്.''
അവർക്ക് അസൗകര്യമായി തോന്നിയപ്പോൾ അവർ വനിതാ പോലീസിനെ വിളിക്കാനാവശ്യപ്പെട്ടു. അതവരുടെ അവകാശമല്ലേ? ഒരു സാധാരണക്കാരനാണ് ഇത് സംഭവിച്ചതെങ്കിൽ ഇത്ര വലിയ പ്രശ്‌നമാകില്ലായിരുന്നു. നമിത ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ് ചെറിയ സംഭവം പെരുപ്പിച്ചുകാട്ടി വാർത്തകൾ പ്രചരിച്ചതെന്നും ചൗധരി വിമർശിച്ചു. സംഭവത്തെ തെറ്റായ രീതിയിൽ എടുക്കരുതെന്നും രാജ്യത്തെ ഓരോ സ്ത്രീയും ഇതിൽ നിന്നും പാഠം ഉൾക്കൊള്ളണമെന്നും വീരേന്ദ്ര ചൗധരി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...