rahul-gandhi

സി.പി.എം മുഖപത്രത്തിൽ കോൺഗ്രസ് അദ്ധ്യക്ഷനെ പപ്പുവെന്ന് വിളിച്ച് മുഖപ്രസംഗം. കോൺഗ്രസ് തകർച്ച പൂർണമാക്കാൻ പപ്പു സ്‌ട്രൈക്ക് എന്ന തലക്കെട്ടിൽ എഡിറ്റോറിയലെഴുതിയാണ് വയനാട്ടിൽ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പത്രം വിലയിരുത്തുന്നത്. പാർട്ടി പത്രത്തിൽ ഇത്തരത്തിലൊരു മുഖപ്രസംഗം വന്നത് മലയാള മാദ്ധ്യമ ലോകത്തിന് തന്നെ അപമാനമാണെന്ന് കോൺഗ്രസ് നേതാവ് വി.ടി.ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. സി.പി.എമ്മിന്റെ നേതാക്കളെല്ലാം മഹാന്മാരാണെന്നും അവരെ എല്ലാവരും ബഹുമാനിച്ചോളണമെന്നും അദ്ദേഹം കുറിക്കുന്നു. പത്രത്തിൽ ഇത്തരത്തിൽ ഒരു മുഖപ്രസംഗമെഴുതിയ സംഭവത്തിൽ പത്രത്തിന്റെ ചീഫ് എഡിറ്ററും എറണാകുളത്തെ സിപിഎം സ്ഥാനാർത്ഥിയുമായ പി.രാജീവ് മാപ്പ് പറയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സിപിഎമ്മിന്റെ നേതാക്കന്മാരൊക്കെ 'മഹാന്മാ'രാണ്. അവരെ ബാക്കി എല്ലാവരും ബഹുമാനിച്ചോളണം. എന്നാൽ സിപിഎമ്മിന്റ മുഖപത്രത്തിന് ഇങ്ങനെയൊക്കെയുള്ള ഭാഷയിൽ എഡിറ്റോറിയൽ എഴുതാം.

സോഷ്യൽ മീഡിയയിൽ പല രാഷ്ട്രീയ നേതാക്കന്മാർക്കും എതിരാളികൾ പരിഹാസപൂർവ്വം സൃഷ്ടിച്ച ഇരട്ടപ്പേരുകളുണ്ട്. ഫേസ്ബുക്ക് യുദ്ധങ്ങളിലൊക്കെ അത് ചിലപ്പോൾ കടന്നുവരാറുമുണ്ട്. അതിന്റെ പേരിൽ നിലവാര പരിശോധനകളും നടത്തപ്പെടാറുണ്ട്. എന്നാൽ സർക്കാർ ഖജനാവിലെ കോടിക്കണക്കിന് രൂപ പരസ്യക്കൂലി ഇനത്തിൽ കൈപ്പറ്റിയും സർക്കാർ നൽകുന്ന ക്ഷേമപെൻഷനുകൾക്കൊപ്പം നിർബ്ബന്ധപൂർവ്വം സാധാരണക്കാർക്ക് മേൽ അടിച്ചേൽപ്പിച്ചും നിലനിന്നുപോരുന്ന ഒരു മുഖ്യധാരാ ദിനപത്രം അതിന്റെ എഡിറ്റോറിയലിൽ ഇങ്ങനെയൊക്കെ എഴുതുമ്പോൾ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണ്.

എറണാകുളത്തെ സിപിഎം സ്ഥാനാർത്ഥി കൂടിയായ പി.രാജീവാണ് ഈ മുഖപ്രസംഗമെഴുതിയ ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ എന്നത് പത്രത്തോടൊപ്പം അദ്ദേഹത്തിന്റേയും കൂടി നിലവാരത്തേയാണ് വെളിപ്പെടുത്തുന്നത്. അൽപ്പമെങ്കിലും മാന്യതയുണ്ടെങ്കിൽ ഇക്കാര്യത്തിൽ മാപ്പ് പറയാൻ പി.രാജീവ് തയ്യാറാവണം.