തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർ സൂക്ഷിച്ചോളൂ, ഓപ്പറേഷൻ പി-ഹണ്ടുമായി കേരള പൊലീസ് പിന്നാലെയുണ്ട്. കുട്ടികളുടെ നഗ്നദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സംഘത്തെ പൊലീസ് പിടികൂടി. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്തിൽ നടന്ന റെയ്‍ഡിലാണ് ഇവരെ പിടികൂടിയത്.
കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ തുടർച്ചയായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച 12പേരെയാണ് ഓപ്പറേഷൻ പി-ഹണ്ടിലൂടെ പൊലീസ് പിടികൂടിയത്. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിക്കുന്നത് തടയുന്നതിനായി സൈബർഡോം ആരംഭിച്ച 'ഓപ്പറേഷൻ പി-ഹണ്ടി'ന്റെ റെയ്‍ഡിലാണ് പ്രതികൾ പിടിയിലായത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും നിരവധി നഗ്‍ന ചിത്രങ്ങൾ ഇവർ പ്രചരിപ്പിച്ചിട്ടുണ്ട്.
ഇന്റർപോളിന്റെ മുന്നറിയിപ്പിനെ തുടർന്ന് നടത്തിയ റെയ്‍ഡിൽ ഇതുവരെ 16കേസുകളാണ് രജിസ്റ്റർ ചെയ്തത്. സമൂഹമാദ്ധ്യമങ്ങളിൽ പേജുകൾ വഴിയും വാട്സ്ആപ്പ്, ടെലഗ്രാം അക്കൗണ്ടുകളും ഗ്രൂപ്പുകളും ഉണ്ടാക്കിയാണ് ഇവർ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. 84 വ്യക്തികളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇവരുടെ വീടുകളിലും ഓഫീസിലുമാണ് പൊലീസ് റെയ്‍ഡ് നടത്തിയത്.
പിടിയിലായവരുടെ ഫോണിൽ നിന്നും ലാപ് ടോപ്പിൽ നിന്നും ചെറിയ കുട്ടികളുടെ നിരവധി നഗ്‍ന ദൃശ്യങ്ങളും വീഡിയോകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംസ്ഥാന വ്യാപകമായി 'ഓപ്പറേഷന്‍ പി-ഹണ്ടി'ന്റെ പരിശോധനകൾ തുടരുകയാണ്. കുട്ടികളുടെ നഗ്ന ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുന്ന സൈറ്റുകളിലും പരിശോധന നടത്തുന്നുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണ്.