തൃശൂർ : തിരുവനന്തപുരത്ത് നടന്ന കേരള സർവകലാശാല യുവജനോത്സവത്തിൽ ഓട്ടൻതുള്ളലിനു മൃദംഗം വായിക്കാനെത്തിയ കലാകാരനെ വിദ്യാർത്ഥിസംഘം ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. കൈയ്യിൽ കെട്ടിയ രാഖി അഴിച്ച് മാറ്റാൻ ആവശ്യപ്പെട്ടാണ് മൃദംഗം കലാകാരനായ രാജീവിനെ മർദ്ദിച്ചത്. യുവജനോത്സവം നടന്ന കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിലാണ് സംഭവമുണ്ടായത്. ഓട്ടൻതുള്ളലിൽ മത്സരിക്കുന്ന വിദ്യാർത്ഥിക്കായി മൃദംഗം വായിക്കാനെത്തിയതായിരുന്നു രാജീവ്. മത്സരം ആരംഭിക്കുന്നതിന് മുൻപേ വേദിക്ക് സമീപം രാജീവിരുന്നപ്പോഴാണ് അവിടെ എത്തിയ വിദ്യാർത്ഥികൾ കൈയ്യിലെ രാഖി കണ്ടത്. ഇതിനെ തുടർന്ന് രാഖി അഴിച്ച് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ രാജീവ് ഇതിന് വിസമ്മതിച്ചതോടെയാണ് ഒരു സംഘമെത്തി മുഖത്തും,കഴുത്തിലും മർദ്ദിച്ചത്. ഇതിനിടയിൽ രാഖി വലിച്ച് പൊട്ടിക്കുകയും ചെയ്തു.
മർദ്ദനമേറ്റിട്ടും കലോത്സവത്തിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കാനിരുന്ന കുട്ടിക്ക് വേണ്ടി മൃദംഗം വായിച്ചിട്ടാണ് രാജീവ് മടങ്ങിയത്. രാജീവ് മൃദംഗം വായിച്ച കുട്ടിക്കു മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. കലാമണ്ഡലത്തിൽ നിന്നു മൃദംഗപഠനം പൂർത്തിയാക്കിയ കലാകാരനാണ് ചെറുതുരുത്തി തൊയക്കാട്ട് സ്വദേശിയായ രാജീവ്.