റെക്കോഡുകൾ ഓരോന്നായി തകർത്തും സൃഷ്‌ടിച്ചും തിയേറ്ററുകളിൽ മുന്നേറുകയാണ് ലൂസിഫർ. മലയാള സിനിമയിലെ സൂപ്പർ നായകനാണെങ്കിലും സംവിധാന രംഗത്ത് ആദ്യ ചുവടു വച്ച പൃഥ്വിരാജ് ചരിത്രം മാറ്റി മറിക്കുകയായിരുന്നു. മോഹൻലാൽ എന്ന മലയാള ചലച്ചിത്ര ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരത്തെ അദ്ദേഹത്തിന്റെ ആരാധകർക്ക് ഏറ്റവും സ്വാദിഷ്‌ടമായ രീതിയിൽ പൃഥ്വി വിളമ്പി.
എന്നാൽ എന്തുകൊണ്ട് ലൂസിഫർ സിനിമയാക്കാൻ തീരുമാനിച്ചു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പൃഥ്വിരാജിനുണ്ട്.
പൃഥ്വിയുടെ വാക്കുകൾ-
'മുരളിയും ഞാനും ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിക്കുകയായിരുന്നു. ടിയാൻ എന്ന ചിത്രത്തിൽ. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ്. ഷൂട്ടിംഗ് കഴിഞ്ഞ് ആറു മണിയാകുമ്പോൾ മുരളി എന്റെ റൂമിൽ വരും, അല്ലെങ്കിൽ ഞാൻ അങ്ങോട്ടു പോകും. സിനിമയെ കുറിച്ച് മാത്രമാണ് പിന്നീടുള്ള സംസാരം. വേറൊരു വിഷയത്തെ കുറിച്ച് സംസാരിക്കാൻ ഞങ്ങൾക്ക് താൽപര്യവുമില്ല അറിയത്തുമില്ല.
അന്ന് ഞങ്ങൾ ഡിസ്‌കസ് ചെയ്‌തിരുന്ന ഒരു കാര്യം, മലയാളത്തിന് ഒരു ജോണർ മലയാളസിനിമയ്‌ക്ക് നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണോ എന്ന സംശയം ഞങ്ങൾ ഡിസ്‌കസ് ചെയ്‌തു. ഒരു കമേർഷ്യൽ സിനിമയെ സെലിബ്രേറ്റ് ചെയ്യുന്ന, മാസ് മസാലയെ സെലിബ്രേറ്റ് ചെയ്യുന്ന മൻമോഹൻ ദേശായിയും, ഐ.വി ശശി സാറും, ഷാജി കൈലാസേട്ടനും, ജോഷി സാറും, പ്രിയദർശൻ സാറുമൊക്കെ വന്ന് സെലിബ്രേഷനാക്കി മാറ്റിയ ബിഗ് സ്‌ക്രീൻ സിനിമകളെ മലയാളത്തിന് നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണോ എന്ന ഡിസ്‌കഷൻ അന്നുണ്ടായി.
അങ്ങനത്തെ ഒരു ജോണറിലുള്ള ഒരു വിഷയം എന്റെ മനസിലുണ്ട്. അത് ലാലേട്ടനാണ് ചെയ്യേണ്ടത് എന്ന് വെറുതേ എന്നോടു പറഞ്ഞു. ഞാൻ ചോദിച്ചു, ഇതുകൊള്ളാലോ? ഇതൊരു കിടിലൻ സിനിമയാകാനുള്ള സാധ്യതയുണ്ട്. അരാണ് ഇത് ഡയറക്‌ട് ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ മുരളി രാജു ചെയ്യുന്നോ എന്ന് എന്നോട് ചോദിച്ചു.
എനിക്കതൊരു ഡ്രീമായിരുന്നു. മുരളി ഗോപിയുടെ തിരക്കഥ, ലാലേട്ടൻ അഭിനയിക്കുന്നു. പക്ഷേ ചെറിയൊരു പ്രശ്‌നമുള്ളത്, ആന്റണി പെരുമ്പാവൂരിനോടും, ലാലേട്ടനോടും വിളിച്ചിട്ട് ഇത് പൃഥ്വിരാജ് ഡയറക്‌ട് ചെയ്യണമെന്ന് പറഞ്ഞാൽ സ്വാഭാവികമായിട്ടും തോന്നുക ഇവന് വട്ടാണോ എന്നാണ്. അടുത്ത ദിവസം രാവിലെ ആന്റണി പെരുമ്പാവൂർ ഹൈദരാബാദിലെത്തി. വെറെ സംസാരമൊന്നുമില്ല. അപ്പോൾ തന്നെ ലാലേട്ടനെ വിളിക്കുന്നു. ആ സാർ ഞാനിവിടെ എത്തി എന്നുപറഞ്ഞ് ഫോൺ എന്റെ കൈയിൽ തന്നു. മോനെ നമ്മളീ സിനിമ ചെയ്യുന്നു എന്ന് ലാലേട്ടൻ പറയുന്നു. അങ്ങനെ 12 മണിക്കൂറിനുള്ളിൽ സിനിമാ സംവിധായകനായ ആളാണ് ഞാൻ'-പഥ്വിരാജ് പറയുന്നു.