കോഴിക്കോട്: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം തടയാൻ ശ്രമിച്ചവരിൽ കോൺഗ്രസ് നേതാക്കൾക്കും പങ്കുണ്ടെന്ന് പരോക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്ന നാടകത്തെ കുറിച്ച് ഇപ്പോൾ പറയാറായിട്ടില്ലെന്നും ചില അപ്രിയ സത്യങ്ങൾ പറഞ്ഞാൽ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾക്ക് വേദനിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ആരൊക്കെയാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം തടയാൻ ശ്രമിച്ചതെന്ന് വ്യക്തമാക്കാറായില്ലെന്നും സന്ദർഭം വരുമ്പോൾ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 'സത്യങ്ങൾ ചിലപ്പോൾ പറയാൻ നിർബന്ധിതമാകുന്ന സന്ദർഭങ്ങളുണ്ടാകും. ചില സന്ദർഭത്തിൽ പറയാതിരിക്കാൻ നിർവാഹമില്ലെ'ന്നും മുല്ലപ്പള്ളി പറഞ്ഞു.
ഏതെങ്കിലും നേതാവിന്റെ പേര് പറഞ്ഞില്ലെങ്കിലും വിമർശനം പി.സി. ചാക്കോയ്‌ക്കെതിരെയാണെന്നാണ് സൂചന. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിനായി കേരളത്തിൽ നിന്ന് നേതാക്കൾ ആവശ്യമുയർത്തിയപ്പോൾ അതിനെതിരെ സംസാരിച്ചത് പി.സി ചാക്കോയായിരുന്നു.