തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഉറപ്പിച്ച് ഡി.ജി.പി ജേക്കബ് തോമസ്. നിലവിൽ സസ്‌പെൻഷനിലുള്ള ഡി.ജി.പിയായ അദ്ദേഹം സമർപ്പിച്ച രാജി സർക്കാർ സ്വീകരിക്കാത്തതിനെ തുടർന്നാണ് മത്സരിക്കാനില്ലെന്ന തീരുമാനത്തിലെത്തിയത്.
ചാലക്കുടി മണ്ഡലത്തിൽ നിന്ന് ട്വന്റി-20 മുന്നണിയുടെ സ്ഥാനാർഥിയായാണ് ജേക്കബ് തോമസ് മത്സരിക്കാനിരുന്നത്. രാജി സമർപ്പിച്ചിട്ടും സർക്കാർ സ്വീകരിക്കാത്തതിനെ തുടർന്ന് ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തീരുമാനിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ചാലക്കുടി മണ്ഡലത്തിൽ മറ്റാരെയും സ്ഥാനാർത്ഥിയാക്കില്ലെന്ന് കിഴക്കമ്പലം ട്വന്റി-20അറിയിച്ചു.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സസ്‌പെൻഷനിലുള്ള ഒരു ഐ.പി.എസ് ഉദ്യോഗസ്ഥൻ, അതും ഡി.ജി.പി റാങ്കിലുള്ളയാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത്. നിലവിൽ ജേക്കബ് തോമസാണ് കേരളാ കാഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥൻ. എന്നാൽ 2017 ഡിസംബർ മുതൽ അദ്ദേഹം സസ്‌പെൻഷനിലാണ്.
കിഴക്കമ്പലം പഞ്ചായത്തിൽ സ്വാധീനമുള്ള കൂട്ടായ്മയാണ് ട്വന്റി- 20. പ്രാദേശിക തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടിയതും ഇവരായിരുന്നു. ഈ സാഹചര്യത്തിൽ ഇടത് മുന്നണി സ്ഥാനാർഥിയായ ഇന്നസെന്റിന് വെല്ലുവിളിയായിരുന്നു ജേക്കബ് തോമസിന്റെ സ്ഥാനാർത്ഥിത്വം.