മുംബയ്: രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. രാഹുൽ ഗാന്ധിക്ക് ഹിന്ദുക്കളെ പേടിയാണെന്നും ഹിന്ദു മേഖലയിൽ നിന്ന് ഒളിച്ചോടിയെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഞാൻ ശൗചാലയങ്ങളുടെ കാവൽക്കാരനാണ് അതിൽ ഞാൻ അഭിമാനിക്കുകയും ചെയ്യുന്നു. കോടിക്കണക്കിന് ഇന്ത്യൻ വനിതകളുടെ മാനത്തിനാണ് ഞാൻ കാവൽ നിൽക്കുന്നത്''.- മോദി പറഞ്ഞു. രണ്ട് ദിവസം മുൻപ് കോൺഗ്രസ് നേതാവ് മോദി രാജ്യത്തിന്റെയല്ല ശൗചാലയങ്ങളുടെ കാവൽക്കാരനാണെന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോൺഗ്രസിനെയും പ്രതിപക്ഷ പാർട്ടികളെയും ശക്തമായ ഭാഷയിൽ വിമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. കോൺഗ്സ് കർഷകർക്ക് കൊടുത്ത വാക്ക് പാലിച്ചിട്ടില്ല. ഹിന്ദുത്വ ഭീകരവാദം എന്നൊരു പദം എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ബ്രിട്ടീഷ് ചരിത്രകാരൻമാർ പോലും അങ്ങനെയൊരു വാക്ക് ഉപയോഗിച്ചതായി കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പദങ്ങൾ ഉപയോഗിച്ച് കോൺഗ്രസും എൻ.സി.പിയും ഹിന്ദു സമൂഹത്തിനെ അപമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എമിസാറ്റ് വിക്ഷേപണം വിജയകരമായതിൽ ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. അഞ്ച് രാജ്യങ്ങളുടെ രണ്ട് ഡസനിലധികം ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വിയുടെ വിക്ഷേപണത്തിൽ അഭിമാനിക്കുന്നെന്നും ഞങ്ങൾ ഒരു പുതിയ ഭാരതം നിർമിക്കാനായി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.