rahul-gandhi-sandheep-

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങളും ട്വീറ്റുകളും ഈയിടെ ഏറെ ജനശ്രദ്ധനേടിയിരുന്നു. കേവലം പപ്പു എന്ന് കളിയാക്കി വിളിച്ചതിൽ നിന്നും രാഹുലിന്റെ ഈ വളർച്ച ശ്രദ്ധിക്കപ്പെട്ടതുമാണ്. ഇതിനു പിന്നിൽ രാഹുലിന് ഒരു ഉപദേഷ്ടാവുണ്ട്. ആരാണെന്നല്ലേ?​ 2005ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ കരിങ്കൊടി കാണിച്ച ജെ.എൻ.യുവിലെ തീപ്പൊരി നേതാവായിരുന്ന സന്ദീപ് സിംഗാണ് ഇപ്പോൾ രാഹുൽഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ്.

രാഹുൽഗാന്ധിക്കു വേണ്ടി പ്രസംഗങ്ങൾ എഴുതി നൽകുന്നത് ഇദ്ദേഹമാണ്. 2017 മുതൽ സന്ദീപ് സിംഗ് രാഹുലിനോടൊപ്പമുണ്ട്. ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയെ നിയമിച്ചപ്പോഴും അവിടെ സന്ദീപിന്റെ സാന്നിധ്യമുണ്ടായിരുന്നു.

ജെ.എൻ.യുവിലെ തീപ്പൊരി നേതാവ്: മൻമോഹൻ സിംഗിന് കരിങ്കൊടി

ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലെ സാധാരണ കുടുംബത്തിൽ നിന്നാണ് സന്ദീപ് സിംഗിന്റെ വളർച്ച. അലഹബാദ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ബിരുദമെടുത്ത ശേഷമാണ് ജെ.എൻ.യുവിൽ ചേർന്നത്. ഇടതു തീവ്രസംഘടനയായ സി.പി.ഐ.എം.എല്ലിന്റെ വിദ്യാർത്ഥി വിഭാഗമായ ആൾ ഇന്ത്യാ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ഐസ) പ്രവർത്തകനായാണ് സന്ദീപ് സിംഗ് ജെ.എൻ.യുവിൽ എത്തുന്നത്. തീവ്ര കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി സംഘടനയായ ഐസയിലെ പ്രവർത്തനത്തോടെയാണ് സന്ദീപ് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. 2005ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ജെ.എൻ.യു സന്ദർശിച്ചപ്പോഴാണ് ജനവിരുദ്ധ നയങ്ങൾക്കെതിരെ ഒരു സംഘം വിദ്യാർത്ഥികളോടൊപ്പം കരിങ്കൊടി വീശിയത്.

ക്ഷമചോദിച്ച് കോൺഗ്രസിലേക്ക്

ജെ.എൻ.യു വിട്ടതോടൊപ്പം ഇടതു രാഷ്ട്രീയത്തോടും വിട പറഞ്ഞ സന്ദീപ് സിംഗ് പിന്നീട് ലോക്പാലിനുവേണ്ടി അണ്ണാ ഹസാരെയും അരവിന്ദ് കെജ്‌രിവാളും നടത്തിയ പ്രക്ഷോഭത്തിൽ പങ്കെടുത്തു. മൻമോഹൻ സിംഗിനെതിരെ കരിങ്കൊടി കാണിച്ച പഴയ സംഭവത്തിൽ ക്ഷമ ചോദിച്ചു കൊണ്ടാണ് സന്ദീപ് സിംഗ് കോൺഗ്രസിൽ പ്രവേശിച്ചത്. രാഹുൽ ഗാന്ധിയും പ്രിയങ്കയും നിരന്തരം ക്യാമ്പസുകൾ സന്ദർശിക്കുന്നതിന് കാരണം സന്ദീപിന്റെ നിർദേശങ്ങളാണ്. ഇടതുപക്ഷത്തിൽ കേന്ദ്രീകൃതമായ നയമാണ് രാഹുൽ കോൺഗ്രസിനായി ഒരുക്കുന്നത്.

നേരത്തെ വിദ്യാർത്ഥികളിൽ ആർക്കെങ്കിലും കോൺഗ്രസിൽ ചേരാൻ ആഗ്രഹമുണ്ടെങ്കിൽ ഇടതുപക്ഷത്ത് പ്രവർത്തിച്ചതിന് ശേഷം മാത്രമേ കോൺഗ്രസിലേക്ക് വരാൻ പാടുള്ളൂ എന്നും സന്ദീപ് നിർദേശിച്ചിരുന്നു. ഇത് രാഹുലിനെ ഞെട്ടിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് 100 ഇടതുപക്ഷ ആക്ടിവിസ്റ്റുകൾ, വിദ്യാർത്ഥികൾ എന്നിവർ ലഖ്‌നൗവിൽ വെച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. കോൺഗ്രസിന്റെ കോർപ്പറേറ്റ് വിരുദ്ധ, ദരിദ്രർക്കൊപ്പമുള്ള നയം രൂപീകരിച്ചതും സന്ദീപിന്റെ നിർദേശങ്ങൾ കൂട്ടിച്ചേർത്താണ്. പ്രിയങ്കയുടെ പ്രസംഗവും, സോഷ്യൽ മീഡിയ പോസ്റ്റുകളും സന്ദീപാണ് തയ്യാറാക്കുന്നത്.