കൊല്ലം : ഓയൂരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനും മാതാവിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും. കഴിഞ്ഞ മാർച്ച് 21ന് അർദ്ധ രാത്രിയോടെയാണ് തുഷാരയെ അതീവ ഗുരുതരാവസ്ഥയിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ ഭർത്താവ് ചന്തുലാലും മാതാവ് ഗീതാലാലും ചേർന്ന് എത്തിക്കുന്നത്. എന്നാൽ ഡോക്ടർമാരുടെ പരിശോധനയിൽ മരണപ്പെട്ടതായി കണ്ടെത്തുകയും ശാരീരിക പീഡനമേറ്റെന്ന സംശയത്താൽ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ സ്ത്രീധന തുക ആവശ്യപ്പെട്ട് പതിവായി യുവതിയെ ഭർത്തൃവീട്ടിൽ വച്ച് പീഡിപ്പിക്കുമായിരുന്നു എന്ന വിവരം മനസിലായത്. ശാരീരിക പീഡനങ്ങൾക്ക് പുറമേ കഴിക്കുവാനായി പഞ്ചസാര വെള്ളവും കുതിർത്ത അരിയുമായിരുന്നു നൽകിയിരുന്നത്.
സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളാണ് ചന്തുലാലിനും മാതാവിനുമെതിരെ ചുമത്തിയിരുന്നത്. എന്നാൽ ആസുത്രിതമായി പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് കൊലക്കുറ്റത്തിന് കേസെടുക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിനും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പട്ടിണിക്കിട്ടതിനും കേസുണ്ട്. തുഷാരെയുടെ ഭർത്തൃവീട്ടുകാർ മന്ത്രവാദ ക്രിയകൾ ചെയ്തായിരുന്നു ജീവിച്ചിരുന്നത്. യുവതിയെയും മന്ത്രവാദത്തിന് ഇരയാക്കിയിരുന്നതായി സൂചനയുണ്ട്.
15 അടി പൊക്കത്തിൽ ടിൻ ഷീറ്റുപയോഗിച്ചുള്ള വേലി കെട്ടി അതിനുള്ളിൽ ടിന്നിൽ കെട്ടി മേഞ്ഞ വീട്ടിലായിരുന്നു ഇവരുടെ താമസം. വിവാഹം കഴിഞ്ഞ് മൂന്ന് തവണ മാത്രമായിരുന്നു തുഷാരയുടെ ബന്ധുക്കൾക്ക് അവിടം സന്ദർശിക്കാനായത്. ഇളയ കുട്ടിയെ കൊല്ലം വിക്‌ടോറിയ ആശുപത്രിയിൽ പ്രസവിപ്പോൾ അവിടെ കുഞ്ഞ!*!ിനെ കാണാൻ ചെന്ന തുഷാരയുടെ ബന്ധുക്കളെ തടഞ്ഞു. ഒടുവിൽ ഡോക്ടർമാർ ഇടപെട്ടാണ് കുഞ്ഞിനെ കാണാൻ തുഷാരയുടെ മാതാപിതാക്കൾക്ക് അനുമതി ലഭിച്ചത്. മാത്രമല്ല രണ്ട് പ്രസവങ്ങൾക്ക് ശേഷവും നാട്ടുനടപ്പ് അനുസരിച്ച് പെൺകുട്ടിയുടെ വീട്ടിലേക്ക് പ്രസവാനന്തര രക്ഷയ്ക്ക് തുഷാരയെ അയച്ചതുമില്ല. ഇളയ കുട്ടിയുടെ നൂലുകെട്ട് ചടങ്ങിന് തുഷാരയുടെ ബന്ധുക്കൾ ഓയൂരിലെ വീട്ടിൽ എത്തിയപ്പോഴും സംഘർഷമുണ്ടായി. കുഞ്ഞിന് ആഭരണം വാങ്ങാനുള്ള 15000 രൂപയും പലഹാരങ്ങളും പുതുവസ്ത്രങ്ങളും നൽകി മടങ്ങിയതായിരുന്നു തുഷാരയുടെ വീട്ടുകാർ അവിടെ നടത്തിയ ഒടുവിലത്തെ സന്ദർശനം.
കുതിർത്ത അരിയും പഞ്ചസാര വെള്ളവും
തുഷാരയ്ക്ക് കുതിർത്ത അരിയും പഞ്ചസാര വെള്ളവുമായിരുന്നു മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ലഭിച്ച ആഹാരം. ഈ വിധം കേട്ട് കേഴ്വിയില്ലാത്ത മെനുവിനെ കുറിച്ച് തുഷാര സമപ്രായക്കാരിയായ പ്രബലകുമാരിയുടെ മകളോട് പണ്ടൊരിക്കൽ ഫോണിൽ പറഞ്ഞത് ബന്ധുക്കൾ സാന്ദർഭികമായി ഓർത്തു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ പ്രതികൾ സമ്മതിച്ചതാണ് കുതിർത്ത അരിയുടെയും പഞ്ചസാര വെള്ളത്തിന്റെയും കഥ. ആന്തരിക അവയവങ്ങളിൽ ഏൽക്കുന്ന ക്ഷതങ്ങൾ പുറത്ത് അറിയാതിരിക്കാനുള്ള പൊടി കൈയ്യാണ് ഈ വിദ്യയെന്ന് വിവരം ലഭിച്ചു. പൊലീസ് സ്‌റ്റേഷനുകളിൽ മൂന്നാം മുറയ്ക്ക് വിധേയരാകുന്ന പ്രതികൾക്ക് സാധാരണയായി കുതിർത്ത അരിയും പഞ്ചസാര വെള്ളവും നൽകാറുണ്ട്.
കഴിഞ്ഞ മാർച്ച് 21ന് അർദ്ധ രാത്രിയോടെയാണ് തുഷാരയെ അതീവ ഗുരുതരാവസ്ഥയിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ ചന്തുലാലും ഗീതാലാലും ചേർന്ന് എത്തിക്കുന്നത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രഥമ ദൃഷ്ട്യാ മൃതദേഹത്തിൽ പാടുകൾ കണ്ടതോടെയാണ് ഡോക്ടർമാർ പൊലീസിനെ അറിയിച്ചതും അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തതും. പോഷകാഹാര കുറവ് മൂലം സംഭവിച്ച വിളർച്ചയിൽ നിന്നുണ്ടായ പനി ന്യൂമോണിയായി രൂപാന്തരപ്പെട്ടതാണ് മരണകാരണമെന്ന് പോസ്റ്ര്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തുടർന്നായിരുന്നു അറസ്റ്ര്.