1

തിരുവനന്തപുരം: ആദ്യ നാല് തിരഞ്ഞെടുപ്പുകളിൽ ഇടത്തേക്ക്.. പിന്നെ അഞ്ചുതവണ വലത്തേക്ക് .., പിന്നെ ഏഴു തവണയായി ഇടർച്ചയില്ലാതെ ഇടത്തേക്ക്.. ഇതാണ് ആറ്റിങ്ങലിന്റെയും പൂർവരൂപമായ ചിറയിൻകീഴിന്റെയും തിരഞ്ഞെടുപ്പ് ചിത്രം. സ്ഥാനാർത്ഥികളുടെ ഗരിമയിൽ സ്റ്റാർ മണ്ഡല പദവികളിലേക്ക് ഉയർന്ന ആറ്റിങ്ങൽ ഇക്കുറിയും ഇടതിനെ കാക്കുമോ, വലതു നേടുമോ, അതോ എൻ.ഡി.എ ചരിത്രം കുറിക്കുമോ..

1951ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് മുഖം തിരിച്ച മണ്ഡലമാണ് ആറ്റിങ്ങലിന്റെ പൂർവരൂപമായ ചിറയിൻകീഴ്. തിരു- കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു അന്ന് ചിറയിൻകീഴ്. കോൺഗ്രസിന്റെ പ്രബലനായ പറവൂർ ടി.കെ.നാരായണപിള്ളയെ കൈവിട്ട മണ്ഡലം കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായി മത്സരിച്ച ശാസ്താംകോട്ട സ്വദേശി വി.പരമേശ്വരൻ നായരെയാണ് ആദ്യമായി പാർലമെന്റിലേക്കയച്ചത്. 1957ൽ നടന്ന രണ്ടാം തിരഞ്ഞെടുപ്പിലും 1962ലെ തിരഞ്ഞെടുപ്പിലും സി.പി.എമ്മിന്റെ എം.കെ.കുമാരൻ വിജയിച്ചു. 1967ലും ചുവന്ന കൊടി പാറി. സി.പി.എമ്മിന്റെ കെ.അനിരുദ്ധനാണ് വിജയിച്ചത്.


1971ൽ നടന്ന അഞ്ചാം ലോക്‌‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിന്റെ വയലാർ രവിയാണ് മണ്ഡലത്തെ വലത്തേക്ക് തിരിച്ചത്. 1977ലും വയലാർ രവിക്കൊപ്പമായിരുന്നു മണ്ഡലം. 1980ൽ എ.എ.റഹീമും , 1984ലും 1989ലും തലേക്കുന്നിൽ ബഷീറും ത്രിവർണ്ണ പതാക പാറിച്ചു.


1991ൽ മണ്ഡലം വീണ്ടും ഇടത്തേക്ക് ചുവടുമാറ്റി. സുശീല ഗോപാലനാണ് മണ്ഡലത്തെ തിരിച്ചുപിടിച്ച് ഇടത്തേക്ക് നയിച്ചത്. പിന്നെ നാളിതുവരെ ഇടത് സ്ഥാനാർത്ഥികൾക്കായിരുന്നു വിജയം. 1996ൽ എ.സമ്പത്ത്, 1998, 1999, 2004 തിരഞ്ഞെടുപ്പുകളിൽ വർക്കല രാധാകൃഷ്ണൻ എന്നിവരാണ് വിജയിച്ചത്.

2009ൽ മണ്ഡലത്തിന്റെ പേരും രൂപവും മാറിയെങ്കിലും ഇടത്തു നിന്നും മാറാൻ കൂട്ടാക്കിയില്ല. ചിറയിൻകീഴിനെ ആറ്റിങ്ങൽ എന്നു പേരു മാറ്റിയത് ആ വർഷത്തിലായിരുന്നു. എ.സമ്പത്തായിരുന്നു വിജയി. 2014ലും സമ്പത്ത് വിജയം ആവർത്തിച്ചു. ഇക്കുറിയും സമ്പത്താണ് ഇടതുമുന്നണി സ്ഥാനാർത്ഥി. കോൺഗ്രസിൽ നിന്ന് മുൻമന്ത്രിയും കോന്നി എം.എൽ.എയുമായ അടൂർ പ്രകാശും ബി.ജെ.പി സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രനും മത്സരിക്കുമ്പോൾ ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്.

സമ്പത്തിലൂടെ വിജയം ആവർത്തിക്കാൻ കഴിയുമെന്ന് ഇടതുമുന്നണി അവകാശപ്പെടുമ്പോൾ അടൂർ പ്രകാശിലൂടെ മണ്ഡലം പിടിച്ചെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. അതേസമയം, ശക്തമായ പ്രചാരണത്തിലൂടെ ശോഭാ സുരേന്ദ്രന് അട്ടിമറി വിജയം നേടാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി ക്യാമ്പ്.


2014 വോട്ടിംഗ് നില

എ.സമ്പത്ത് (എൽ.ഡി.എഫ് ) - 3,92, 478
ബിന്ദു കൃഷ്ണ (യു.ഡി.എഫ്) - 3,23,100
എസ് .ഗിരിജാകുമാരി (ബി.ജെ.പി ) - 90,528

സമ്പത്തിന്റെ ഭൂരിപക്ഷം - 69,378