ഹൈദരാബാദ്: ഗർഭകാലത്ത് തടി കൂടിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തതിന് ടെന്നീസ് താരം സാനിയാമിർസ കേട്ട പഴിക്ക് കയ്യും കണക്കുമില്ല. സാനിയയുടെ കരിയറിന്റെ അവസാനം എന്നുവരെ ചിലർ പറഞ്ഞു. താൻ തിരിച്ചുവരും എന്ന മറുപടിയാണ് അന്ന് സാനിയയിൽ നിന്നുണ്ടായത്.എന്നാൽ ഇത് കുറുപ്പിന്റെ ഉറപ്പാണെന്നായിരുന്നു പരിഹാസം. പ്രസവസമയത്ത് 87കിലോയായിരുന്നു സാനിയയുടെ ഭാരം.
പ്രസവം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞതോടെ താൻ തിരിച്ചുവരവിന്റെ പാതയിലാണെന്ന് സാനിയ ആരാധകരെ ബോധ്യപ്പെടുത്തി. പതിനഞ്ചാം നാൾമുതൽ ജിമ്മിൽ വ്യായാമം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവിട്ടു. അതോടെ ആരാധകർക്ക് പ്രതീക്ഷയേറി. അധികം വൈകാതെ കോർട്ടിൽ തിരിച്ചെത്തുമെന്ന് പറയുക കൂടി ചെയ്തതോടെ അവർ സന്തോഷത്തിലായി.
വ്യായാമത്തിലൂടെ അഞ്ചുമാസംകൊണ്ട് സാനിയ കുറച്ചത് ഇരുപത്തിരണ്ടുകിലോയാണ്. ചെറിയ വർക്കൗട്ടുകളിലൂടെയാണ് വ്യായാമത്തിന് തുടക്കമിട്ടത്.അധികം വൈകാതെ പഴയരീതിയിൽ ഫിറ്റ്നസ് നിലനിറുത്താനുള്ള വ്യായാമം തുടങ്ങുമെന്നാണ് സാനിയ നൽകുന്ന സൂചന. ഇപ്പോൾ നാലുമണിക്കൂർവരെ ജിമ്മിൽ ചെലവഴിക്കുന്നുണ്ട്.
''കോർട്ടിൽ ഫിറ്റ്നസ് വലിയ അത്യാവശ്യമാണ്. ഗർഭകാലത്ത് കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് അമ്മയുടെ കടമയാണ്. അതിനായി ആഹാര കാര്യത്തിൽ നിയന്ത്രണങ്ങൾ ഒന്നും പിന്തുടർന്നിരുന്നില്ല. അതിനാലാണ് ശരീരം തടിച്ചത്. പ്രസവശേഷം പഴയരൂപത്തിലേക്ക് തിരിച്ചുവരേണ്ടത് എന്റെ ആവശ്യമാണ്. അത് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്''-സാനിയ പറയുന്നു.