ലണ്ടൻ: ലെഗ്ഗിൻസ് ധരിക്കുന്നതിനെക്കുറിച്ച് പെൺകുട്ടികൾ വീണ്ടുവിചാരം നടത്തണമെന്നാവശ്യപ്പെട്ട് ഒരമ്മ എഴുതിയ കത്ത് സ്റ്റുഡന്റസ് ന്യൂസ് പേപ്പറിൽ പ്രത്യക്ഷപ്പെട്ടതിനെതിരെ ശക്തമായ പ്രതിഷേധം. നോട്ടർഡാംസർവകലാശാല പ്രസിദ്ധീകരിക്കുന്ന സ്റ്റുഡന്റസ് ന്യൂസ് പേപ്പറിലാണ് മേരി ആൻ വൈറ്റ് എന്ന സ്ത്രീയുടെ കത്ത് അച്ചടിച്ചുവന്നത്.
ഇവരുടെ നാല് ആൺമക്കൾ ഇതേ സർവകലാശാലയിലാണ് പഠിക്കുന്നത്. ഇവരെ കാണാനായി എത്തിയപ്പോൾ ലെഗ്ഗിൻസ് ധരിച്ചുനിൽക്കുന്ന പെൺകുട്ടികളെ കണ്ടതും ഇത് ആൺകുട്ടികളുടെ ശ്രദ്ധതിരിക്കാൻ ഇടയാക്കില്ലേ എന്ന് സംശയിച്ചതുമാണ് കത്തിലെ പ്രതിപാദ്യം.
''ഞാൻ ഇവിടേക്ക് വന്നപ്പോൾ ലെഗ്ഗിൻസ് ധരിച്ച നിരവധിപേരെ കണ്ടു. അത് എനിക്ക് മനപ്രയാസമുണ്ടാക്കി. ഇത്തരത്തിൽ ലെഗ്ഗിൻസ് ധരിച്ച് പെൺകുട്ടികൾ നടന്നാൽ ശ്രദ്ധിക്കാതിരിക്കാൻ ആൺകുട്ടികൾക്കാവില്ല. അതിനാൽ അടുത്ത തവണ ലെഗ്ഗിൻസ് വാങ്ങുന്നതിനുമുമ്പ് ആൺകുട്ടികളുള്ള അമ്മമാരെക്കുറിച്ച് നിങ്ങൾ ഒാർക്കണം''-ഇങ്ങനെയായിരുന്നു കത്തിലെ വരികൾ.
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നാണ് വിദ്യാർത്ഥിനികളുടെ ആരോപണം. പ്രതിഷേധ സൂചകമായി ലെഗ്ഗിൻസ് ധരിച്ചുനിൽക്കുന്ന പലപോസിലുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്യാൻ പെൺകുട്ടികൾ മത്സരിക്കുകയാണ്. ലിംഗവ്യത്യാസമില്ലാതെ ലെഗ്ഗിൻസ് ധരിച്ച് ക്യാമ്പസിലെത്തുന്നതിന് വേണ്ടി 'ലെഗ്ഗിൻസ് പ്രൈഡ് ഡേ'യും ആചരിച്ചു. ഇതിനുപിന്തുണയുമായി ആൺകുട്ടികളും എത്തിയിട്ടുണ്ട്.