ശ്രീനഗർ: ജമ്മുകാശ്മീരിലെ പൂഞ്ചിൽ പാക് സൈന്യം നടത്തിയ വെടിവയ്പിൽ ബി.എസ്.എഫ് ഉദ്യോഗസ്ഥന് വീരമൃത്യു. പൂഞ്ചിലെ ഷാഹ്പൂർ മേഖലയിൽ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തിൽ പ്രദേശവാസിയായ ആറുവയസുകാരിയും കൊല്ലപ്പെട്ടു. ഷെല്ലാക്രമണത്തിൽ മൂന്ന് നാട്ടുകാർക്കും നാല് ബി.എസ്.എഫ് ജവാന്മാർക്കും പരിക്കേറ്റു. ഇന്നലെ രാവിലെ 7.45 മുതൽ അതിർത്തിയിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ വെടിനിറുത്തൽ ലംഘിച്ച് പാക് പ്രകോപനം തുടരുകയാണ്. മോർട്ടാറുകളടക്കം ഉപയോഗിച്ച നടത്തിയ ആക്രമണത്തെ ഇന്ത്യൻ സൈന്യം പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്തു. പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തെത്തുടർന്ന് മേഖലയിലെ സ്‌കൂളുകൾ അടച്ചിടാൻ സൈന്യം നിർദേശം നൽകി. ഇന്നലെയും മേഖലയിലെ സ്‌കൂളുകൾ പ്രവർത്തിച്ചിരുന്നില്ല.
അതേസമയം, ജമ്മുകാശ്മീരിലെ പുൽവാമയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ശ്രീനഗറിലെ പ്രതിരോധ വക്താവ് കേണൽ രാജേഷ് കാലിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരർ തമ്പടിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്ന് ഞായറാഴ്ച രാത്രി മുതൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം പുൽവാമയിലെ ലാസിപുര മേഖലയിൽ തെരച്ചിൽ നടത്തിവരികയായിരുന്നു. തെരച്ചിലിനിടയിൽ ഭീകരർ സൈന്യത്തിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് എ.കെ 47 ഉൾപ്പെടെ തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.