saradakutty-s

ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ മത്സരിക്കാനായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എത്തുന്നതിനെ വിമർശിച്ച് കൊണ്ട് സി.പി.എമ്മിന്റെ മുഖപത്രത്തിൽ എഡിറ്റോറിയലെഴുതിയിരുന്നു. പത്രത്തിന്റെ മുഖപ്രസംഗത്തിലെ തലക്കെട്ടിൽ രാഹുൽ ഗാന്ധിയെ പപ്പുവെന്ന് അഭിസംബോധന ചെയ്തതിനെ വിമർശിച്ച് കൊണ്ട് നിരവധി പേർ രംഗത്ത് വരികയാണ്. എഴുത്തുകാരിയായ ശാരദക്കുട്ടിയും പാർട്ടി പത്രത്തെ വിമർശിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. കൂവിതോൽപ്പിക്കാൻ ഇത് റിയാലിറ്റി ഷോ മത്സരമല്ലെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. പകരത്തിന് പകരം കൂവിത്തോൽപ്പിക്കുക എന്നത് സൈബർ തൊഴിലാളികളുടെ പണിയാണെന്നും വരുന്നത് പാർലമെന്റ് തിരഞ്ഞെടുപ്പാണെന്നും കോളേജ് യൂണിയൻ തിരഞ്ഞെടുപ്പല്ലെന്നും ശാരദക്കുട്ടി ഓർമിപ്പിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഫ്ളവേഴ്സ് ടോപ് സിങ്ങർ മത്സരത്തിൽ ശ്രീഹരി എന്ന കുട്ടിയെ ങ ഏ അങ്കിൾ 'മേളേ മേളേ 'എന്നു വിളിക്കുന്നത് ആ കുട്ടിയെ പ്രകോപിപ്പിക്കാനാണ്. മോൾവിളി ഒരു കുഞ്ഞാണിനെ പ്പോലും 'ചെറുതാ'ക്കിക്കളയും. അവനിലെ കുഞ്ഞു പൗരുഷത്തെ വ്രണപ്പെടുത്തിക്കളിക്കുന്നത് ങഏ അങ്കിളിന്റെ തമാശ. എല്ലാവരുമതാസ്വദിക്കുന്നു. ങഏ അങ്കിൾ ലോകവിവരമില്ലാത്തതുപോലെ അതു കണ്ട് കുലുങ്ങിച്ചിരിക്കും. നാട്ടുകാരിൽ ബോധമുള്ളവർ തല കുനിക്കും. ആ തമാശ, അതിലെ അന്തസ്സില്ലായ്മ, അതുണ്ടാക്കുന്ന വികലമായ ആൺബോധം അപകടമാണെന്ന് അയാൾക്കാരും പറഞ്ഞു കൊടുക്കുന്നില്ല.

ഇത് പക്ഷേ ദേശാഭിമാനി പത്രമാണ്. ഇതു ശരിയല്ല. മുൻപരോ ഓർമ്മിപ്പിച്ച പോലെ, ഇതു കേളേജ് യൂണിയൻ തെരഞ്ഞെടുപ്പല്ല. ടോപ് സിങ്ങർ മത്സരവുമല്ല. പകരത്തിനു പകരം കൂവിത്തോൽപ്പിക്കൽ സൈബർ തൊഴിലാളികളുടെ പണി. ഇതു പാർട്ടിപ്പത്രമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പാണ്.