sushama

ന്യൂഡൽഹി: വിമർശനങ്ങൾ കേൾക്കുമ്പോൾ നിയന്ത്രണം വിടുന്ന നേതാക്കളിൽ നിന്ന് വ്യത്യസ്തയാവുകയാണ് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ട്വിറ്ററിൽ തന്റെ അക്കൗണ്ടിന് താഴെ, തന്നെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ആളെ വളരെ ശാന്തയായി നേരിട്ടാണ് സുഷമ മാതൃകയാകുന്നത്. പാസ്പോർട്ട് ലഭിക്കാത്തതുമൂലം വിദേശത്തെ ജോലി നഷ്ടമായ യുവാവാണ് സുഷമയുടെ പേരിന് മുന്നിലുള്ള ചൗക്കീദാർ എന്ന വാക്കിനെ വിമർശിച്ച് രംഗത്തെത്തിയത്.

''താങ്കൾ ഒരു കാവൽക്കാരനല്ല. നാണമില്ലാത്ത വിവരംകെട്ട മന്ത്രിയാണ്​. അപേക്ഷിച്ച പാസ്​പോർട്ട്​ ലഭിക്കാൻ വൈകിയതിനെ തുടർന്ന്​ നല്ലൊരു ജോലി അവസരമാണ്​ എനിക്ക്​ നഷ്​ടമായത്​. ഇപ്പോഴും പാസ്​പോർട്ടിനും നിങ്ങളുടെ മറുപടിക്കും വേണ്ടി കാത്തിരിക്കുകയാണ്" -എന്നായിരുന്നു മുംബയ് സ്വദേശിയായ നിരഞ്​ജൻ എന്ന യുവാവി​​​​ന്റെ ട്വീറ്റ്​. എന്നാൽ, താങ്കളുടെ ഉപചാരങ്ങൾക്ക്​ നന്ദി. ഓഫീസ്​ നിങ്ങളുമായി ബന്ധപ്പെടുകയും പാസ്​പോർട്ട്​ ലഭിക്കുന്നതിന്​ സഹായിക്കുകയും ചെയ്യുമെന്നായിരുന്നു സുഷമാ സ്വരാജ്​ മറുപടി ട്വീറ്റ്​ ചെയ്​തത്​. മാത്രമല്ല, മോശം ഭാഷ ഉപയോഗിച്ചതിൽ യുവാവ് പിന്നീട് ക്ഷമ ചോദിക്കുകയും ചെയ്തു.