ലിമ: അടിച്ചുഫിറ്റായി വാളുവയ്ക്കുന്ന ചിത്രം പുറത്തുവന്നതോടെ സുന്ദരിയുടെ കിരീടം പോയി. മിസ് പെറു 2019 അനേല ഗ്രദോസിന്റെ സുന്ദരിപ്പട്ടമാണ് അധികൃതർ തിരിച്ചെടുത്തത്. ഇത്തരത്തിലൊരാൾ ലോകസുന്ദരി മത്സരത്തിനെത്തുന്നത് രാജ്യത്തിന് അപമാനമാകുമെന്ന് പറഞ്ഞാണ് കിരീടം തിരിച്ചെടുത്ത്. സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്കുമുണ്ട്. കുറച്ചു ദിവസം മുമ്പാണ് വീഡിയോ പ്രചരിച്ചുതുടങ്ങിയത്. അധികം വൈകാതെ വൈറലായി. തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്.
സൗന്ദര്യമത്സരത്തിൽ അനേലയുടെ എതിരാളിയായിരുന്ന കാമില കാനികോബയാണ് വീഡിയോ പകർത്തിയതും പുറത്തുവിട്ടതുമെന്നാണ് ഇപ്പോളുയരുന്ന ആരോപണം. കഴിഞ്ഞവർഷത്തെ കൗമാര സുന്ദരിയായിരുന്ന കാമിലയ്ക്ക് മിസ് പെറു മത്സരത്തിൽ മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്. ഇതിന്റെ വിഷമം തീർക്കാനാണത്രേ ദൃശ്യങ്ങൾ പകർത്തിയും പ്രചരിപ്പിച്ചതും. കാമിലയ്ക്കെതിരെ അനേല നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുണ്ട്.
എന്നാൽ ആരോപണത്തിൽ കഴമ്പില്ലെന്നാണ് കാമില പറയുന്നത്. സംഭവം നടക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു എന്നതും ദൃശ്യങ്ങൾ പകർത്തി എന്നതും ശരിതന്നെ. എന്നാൽ അവ പ്രചരിപ്പിക്കാൻ ശ്രമിക്കുകയോ ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും കൈമാറുകയോ ചെയ്തിട്ടില്ലെന്നാണ് കാമില പറയുന്നത്. അന്വേഷണം നടക്കുകയാണെങ്കിൽ തെളിയിക്കാൻ തയ്യാറാണെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലാണ് ഇരുപതുകാരിയായ അനേല കിരീടം ചൂടിയത്. നിരവധി വമ്പൻ അവസരങ്ങളാണ് ഇതോടെ ലഭിച്ചത്. കിരീടം നഷ്ടമായതോടെ കരാൻ നൽകിയ വമ്പന്മാരെല്ലാം പിൻവാങ്ങിയിട്ടുണ്ട്. മോഡലിംഗ് രംഗത്ത് പിടിച്ചുനിൽക്കാൻ അനേല ഏറെ വിയർപ്പൊഴുക്കേണ്ടിവരും.