ശബരിമല യുവതി പ്രവേശനത്തിനു വേണ്ടി വാദിക്കുന്നവർക്കു നേരെ രൂക്ഷ വിമർശവുമായി നടൻ സലിം കുമാർ രംഗത്ത്. അച്ഛനെ എന്തുകൊണ്ടാണ് അച്ഛനെന്ന് വിളിക്കുന്നതെന്ന് ചോദിക്കുമ്പോലെ ശുദ്ധ വിവരക്കേടാണ് ശബരിമലയിലെ യുവതീ പ്രവേശമെന്ന് സലിം കുമാർ പ്രതികരിച്ചു. കേരളകൗമുദി ഫ്ലാഷ് മൂവീസിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
നൂറുകണക്കിന് അയ്യപ്പ ക്ഷേത്രങ്ങളുള്ളപ്പോൾ ശബരിമലയിൽ തന്നെ കയറണമെന്ന് വാശിപിടിക്കുന്നതാണ് ഉൾക്കൊള്ളാൻ കഴിയാത്തത്. ഒരു അമ്പലത്തിൽ കയറിയില്ലെങ്കിൽ സ്ത്രീയുടെ തുല്യത നഷ്‌ടപ്പെടുമോ എന്നും സലിം കുമാർ ചോദിക്കുന്നു.
'സ്ത്രീകൾ കേരളത്തിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണോ ശബരിമല പ്രവേശനം? കുറേ സ്ത്രീകളെ കയറ്റാൻ വേണ്ടി എത്ര ലക്ഷങ്ങളാണ് ചെലവഴിച്ചത്. ശബരിമലയിൽ സ്ത്രീകൾ കയറിയാലും ഇല്ലെങ്കിലും കേരളത്തിലെ സ്ത്രീകൾക്ക് ഒരു തരത്തിലുള്ള ഉന്നമനവും ഉണ്ടാകുമെന്ന് കരുതുന്നില്ല. ഇവിടെ നൂറുകണക്കിന് അയ്യപ്പ ക്ഷേത്രങ്ങൾ ഉള്ളപ്പോൾ ശബരിമലയിൽ തന്നെ കയറണമെന്ന് വാശിപിടിക്കുന്നതാണ് ഉൾക്കൊള്ളാൻ കഴിയാത്തത്. ഈ വിഷയത്തിൽ എല്ലാ പാർട്ടികളും ഒരുപോലെ രാഷ്ട്രീയം കളിച്ചു. ബി.ജെ.പിക്ക് വളരാൻ പറ്റിയ ഏറ്റവും നല്ല ആയുധമായിരുന്നു ശബരിമല. അവർ ഭംഗിയായി ഉപയോഗിക്കുകയും ചെയ്‌തു. ഈ വിഷയത്തിൽ ഏതൊരു സർക്കാരിനും എടുക്കാൻ കഴിയുന്ന നിലപാടെ ഇപ്പോഴത്തെ സർക്കാരും സ്വീകരിച്ചിട്ടുള്ളൂ. അതുകൊണ്ട് ശബരിമല വിഷയത്തിൽ പിണറായി സർക്കാരിനെ ഞാൻ കുറ്റം പറയില്ല.
ശബരിമല കാര്യത്തിൽ എന്ത് നവോത്ഥാനമാണ് സംഭവിക്കുന്നതെന്ന് അറിയില്ല. ഒരു അമ്പലത്തിൽ കയറിയില്ലെങ്കിൽ സ്ത്രീയുടെ തുല്യത നഷ്‌ടപ്പെടുമോ? അച്ഛനെ എന്തുകൊണ്ടാണ് അച്ഛനെന്ന് വിളിക്കുന്നതെന്ന് ചോദിക്കുമ്പോലെ ശുദ്ധ വിവരക്കേടാണ് ഇത്തരം ചോദ്യം ചെയ്യലുകൾ.
ആർത്തവം തെറ്റാണെന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല. സ്ത്രീയുടെ ഏറ്റവും പവിത്രമായ മുഹൂർത്തമാണ് ആ സമയം. ഋതുമതിയാകുന്ന പെണ്ണിനെ ദേവിയെ പോലെ പൂജിക്കുന്ന ചരിത്രമല്ലേ നമുക്കുള്ളത്. ആ സമയത്ത് ആരാധനാലയങ്ങളിൽ പ്രവേശിക്കാൻ പാടില്ലെന്നുള്ളത് പണ്ടേയുള്ള ഒരു അലിഖിത നിയമമാണ്. അത്തരം നിരവധി അലിഖിത നിയമങ്ങളിലൂടെ കെട്ടിപ്പടുക്കേണ്ടതാണ് നമ്മുടെ കുടുംബം'.
അഭിമുഖത്തിന്റെ പൂർണരൂപം ഏപ്രിൽ ലക്കം ഫ്ളാഷ് മൂവീസിൽ