facebook

ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് പാർട്ടിയുമായി ബന്ധമുള്ള 687 പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്‍തതായി സോഷ്യൽമീഡിയ വെബ്‍സൈറ്റായ ഫേസ്‍ബുക്ക് അറിയിച്ചു. ഈ പേജുകളിൽ നിന്ന് വിശ്വാസയോഗ്യമല്ലാത്ത അപ്ഡേറ്റുകൾ ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് പേജുകൾ നീക്കം ചെയ്‍തതെന്നാണ് ഫേസ്‍ബുക്കിന്റെ വിശദീകരണം.

ലോക്‌സഭ തിരഞ്ഞെടുപ്പ് തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ കർശനമായ നിയന്ത്രണമാണ് സോഷ്യൽ മീഡിയ കമ്പനികൾ ഇന്ത്യയിൽ നടപ്പിലാക്കുന്നത്. ഫേസ്‍ബുക്കിന് ഇന്ത്യയിൽ മാത്രം 300 ദശലക്ഷം ഉപയോക്താക്കളാണുള്ളത്. ലോകത്തിലെ ഏറ്റവും അധികം ഫേസ്‍ബുക്ക് ഉപയോക്താക്കളുള്ള രാജ്യവും ഇന്ത്യയാണ്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് വ്യാപകമായി വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാൻ ഫേസ്‍ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽമീഡിയ വെബ്‍സൈറ്റുകൾ തിരഞ്ഞെടുപ്പ് കമ്മീഷന് പിന്തുണ വാഗ്‍ദാനം ചെയ്‍തിരുന്നു.

ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി വ്യാപകമായി വാർത്തകൾ സൃഷ്‍ടിക്കുകയും ഷെയർ ചെയ്യുകയും ചെയ്‍ത അക്കൗണ്ടുകളും പേജുകളുമാണ് പൂട്ടിയത്. ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെയുള്ള പോസ്റ്റുകളാണ് ഇതിൽ കൂടുതലെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി ഫേസ്‍ബുക്ക് വ്യക്തമാക്കി.

കോൺഗ്രസ് ഐ.ടി സെല്ലുമായി ബന്ധമുള്ളവയാണ് ഈ അക്കൗണ്ടുകളെന്നാണ് ഫേസ്‍ബുക്ക് സൈബർ സെക്യൂരിറ്റി പോളിസി തലവൻ വാർത്താ ഏജൻസി റോയിറ്റേഴ്‍സിനോട് പറഞ്ഞത്. പോസ്റ്റ്‌ ചെയ്യുന്ന ഉള്ളടക്കം പരിശോധിച്ചല്ല ഫേസ്‍ബുക്ക് അക്കൗണ്ടുകൾ പൂട്ടുന്നത് മറിച്ച് അക്കൗണ്ടുകളുടെ സ്വഭാവം പരിഗണിച്ചാണ്. ഇതിന് പുറമെ പാകിസ്ഥാന്‍ മിലിട്ടറിയുമായി ബന്ധമുള്ള 103 പേജുകൾ, ഗ്രൂപ്പുകൾ, അക്കൗണ്ടുകൾ എന്നിവയും ഫേസ്‍ബുക്ക് നീക്കം ചെയ്‍തിട്ടുണ്ട്.