വാർധ (മഹാരാഷ്ട്ര): കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുലിന്റെ വയനാട് സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം വീണ്ടും. ഹിന്ദുക്കൾ കൂടുതലുള്ള ഇടങ്ങളിൽനിന്നെല്ലാം കോൺഗ്രസ് നേതാക്കൾ ഒളിച്ചോടുകയാണെന്നാണ് മഹാരാഷ്ട്രയിൽ മോദി പറഞ്ഞത്. ഹിന്ദുത്വ തീവ്രവാദം എന്ന വാക്കുപയോഗിച്ച് കോൺഗ്രസ് ഹിന്ദുക്കളെ അപമാനിച്ചു. സമാധാനം ആഗ്രഹിക്കുന്ന ഹിന്ദുക്കളെ തീവ്രവാദികളായി കാണുന്ന കോൺഗ്രസിനോട് ഹിന്ദുക്കൾ പകരംവീട്ടും എന്ന് അവർക്കറിയാം. അതുപേടിച്ചാണ് രാഹുലടക്കമുള്ള സ്ഥാനാർത്ഥികൾ ഹിന്ദുമേഖലകൾ വിട്ട് ഓടിപ്പോകുന്നത്- മഹാരാഷ്ട്രയിലെ വാർധയിൽ ബി.ജെ.പി- ശിവസേന സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.
മാത്രമല്ല, ബാലകോട്ടിലെ പ്രത്യാക്രമണത്തിനുശേഷം ഇന്ത്യൻ സൈന്യത്തിന്റെ ധൈര്യം ചോദ്യംചെയ്ത കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും അവരെ അപമാനിച്ചുവെന്നും മോദി ആരോപിച്ചു.
അതേസമയം, പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരാൾ വർഗീയ പരാമർശങ്ങൾ നടത്തി വോട്ട് പിടിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. അഞ്ചുവർഷം ഭരിച്ചിട്ടും വേറെയൊന്നും പറയാനില്ലാത്തതുകൊണ്ടാണ് മോദി വർഗീയത പറയുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. വയനാട്ടിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ ബി.ജെ.പി നേതാക്കളിൽ നിന്ന് രൂക്ഷമായ പരിഹാസമാണ് കോൺഗ്രസിനും രാഹുലിനും നേരിടേണ്ടിവരുന്നത്.