sc

ന്യൂഡൽഹി:ആസാമിലെ വിദേശ പൗരൻമാരുടെ കൃത്യമായ കണക്ക് ഹാജരാക്കാത്തതിന് സർക്കാരിനെ വിമർശിച്ച സുപ്രീംകോടതി, സംസ്ഥാന ചീഫ് സെക്രട്ടറി ഈ മാസം 8ന് കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടു.

വിദേശികൾക്കായുള്ള ട്രൈബ്യൂണൽ 91,609 പേരെ വിദേശ പൗരൻമാരായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവരിൽ 72,486 പേർ അപ്രത്യക്ഷരാണെന്നുമാണ്

കേന്ദ്ര ആഭ്യന്തരമന്ത്രാലയം കോടതിയിൽ ബോധിപ്പിച്ചത്.

ഈ കണക്ക് അമ്പരപ്പിക്കുന്നുവെന്ന് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. വിദേശികളായി പ്രഖ്യാപിക്കാത്തവർ നാട്ടുകാർക്കൊപ്പം താമസിക്കുന്നുണ്ടാവില്ലേ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ട്രൈബ്യൂണലുകൾ വിദേശികളായി കണ്ടെത്തിയ 829 പേരെയും ജയിൽ ശിക്ഷ പൂർത്തിയാക്കിയ115 വിദേശികളെയും ആറ് ജയിലുകളിൽ തടവിലിട്ടിരിക്കുകയാണ്.നാടുകടത്താത്തവരും തടങ്കലിൽ ഇല്ലാത്തവരുമായ വിദേശികൾ എവിടെ? അവരെ എങ്ങനെ കണ്ടെത്തും? കോടതി സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ

സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു. വിദേശികളെ

അവരുടെ രാജ്യം ഏതെന്ന് പോലും തിരക്കാതെ ബംഗ്ലാദേശിലേക്ക് തള്ളിവിടുന്നതിനെയും കോടതി വിമർശിച്ചു.

ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിക്കാതെ വന്നപ്പോഴാണ് ചീഫ് സെക്രട്ടറി എവിടെയെന്ന് കോടതി ചോദിച്ചത്. കഴിഞ്ഞ തവണ ഹാജരായ ചീഫ് സെക്രട്ടറിയെ ഇക്കുറി ഒഴിവാക്കിയത് ആരാണെന്നും എല്ലാം സ്വന്തമായി തീരുമാനിച്ചതാണോ എന്നും ചോദിച്ചു. ആസാം സർക്കാർ സമർപ്പിച്ച സത്യവാങ്‌മൂലങ്ങൾ വ്യർത്ഥമാണെന്നും കോടതി വിമർശിച്ചു. കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന തുഷാർ മെഹ്‌തയുടെ മറുപടി ചീഫ് ജസ്‌റ്റിസിനെ പ്രകോപിപ്പിച്ചു. ഇങ്ങനെയാണ് നിങ്ങളുടെ ശ്രമമെങ്കിൽ ഭരണഘടനാപരമായ അധികാരമുപയോഗിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഏപ്രിൽ എട്ടിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ചീഫ് സെക്രട്ടറി ഹാജരാകുമെന്ന് എഴുതി തുഷാർ മെഹ്‌തയിൽ നിന്ന് എഴുതി വാങ്ങുകയും ചെയ്‌തു.

അനധികൃത കുടിയേറ്റക്കാരെ പുനരധിവസിപ്പിച്ച കേന്ദ്രങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഹർഷ് മന്ദർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.