കോഴിക്കോട്: ട്രാൻസ്‌ജെൻഡറെ കോഴിക്കോട്ട് മാവൂർ റോഡിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം യു.കെ. ശങ്കുണ്ണി നായർ റോഡിലെ ഇടവഴിയിലാണ് മൈസൂർ സ്വദേശി ശാലുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവർ കണ്ണൂരിലെ ആലക്കോട്ടാണ് താമസിക്കുന്നത്.
ഇന്നലെ പുലർച്ചെ പത്ര വിതരണത്തിനെത്തിയ ആളാണ് മൃതദേഹം കണ്ടത്. ഞായറാഴ്‌ച അർദ്ധരാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. കഴുത്തിൽ തുണി കൊണ്ട് കുരുക്കിട്ട നിലയിലായിരുന്നു. ശരീരത്തിൽ പോറലേറ്റ അടയാളങ്ങളുണ്ട്. ആരോ നിരന്തരം ഉപദ്രവിക്കുകയാണെന്ന് പരാതിപ്പെട്ട് കോഴിക്കോട്ടെ ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് സിസിലിയെ ശാലു ഫോണിൽ വിളിച്ചിരുന്നു. ഞായറാഴ്‌ച കോഴിക്കോട്ടേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിലിരുന്നാണ് ശാലു സിസിലിയെ വിളിച്ചത്. സിസിലി തന്നെയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞതും മൃതദേഹം തിരിച്ചറിഞ്ഞതും.
കോഴിക്കോട്ടെത്തിയ ശാലു രാത്രി വൈകിയും സംഭവസ്ഥലത്തുണ്ടായിരുന്നു. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. സിറ്റി പൊലീസ് കമ്മിഷണർ എ.വി. ജോർജ്ജ് സ്ഥലത്തെത്തി. സമീപത്തെ കെട്ടിടത്തിലെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നടക്കാവ് പൊലീസിനാണ് അന്വേഷണ ചുമതല.