പ്രാദേശിക വികസന വിഷയത്തിൽ സ്ഥിരം കേൾക്കുന്നൊരു പരാതിയുണ്ട്: കേന്ദ്രം ഫണ്ട് അനുവദിച്ചില്ല! ഇനി, ഈ കണക്കു കൂടി ഒന്നു കാണുക. ഇക്കഴിഞ്ഞ പതിനാറാം ലോക്‌സഭാംഗങ്ങൾ, അവരുടെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് അനുവദിച്ച തുകയിൽ ചെലവഴിക്കാതെ ബാക്കിയായത് 1734.42 കോടി രൂപ.
പ്രാദേശിക വികസന പദ്ധതിത്തുക വിനിയോഗത്തിൽ പതിനഞ്ചാം ലോക്‌സഭയുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ തവണത്തെ കുറവ് 214.63 ശതമാനം. അതിനും മുമ്പത്തെ ലോക്‌സഭയുമായി ഒത്തുനോക്കിയാൽ ഈ കുറവ് കുറേക്കൂടി ഭീകരമാകും- 885.47 ശതമാനം!
2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് പാർലമെന്റ് അംഗങ്ങളായവർ മണ്ഡലത്തിനു വേണ്ടി ചെലവഴിക്കാതെ പാഴാക്കിക്കളഞ്ഞത് 176 കോടിയായിരുന്നെങ്കിൽ, 2009-ലെ തിരഞ്ഞെടുപ്പിൽ എം.പിമാർ ആയവർ 551.25 കോടി ചുമ്മാ കളഞ്ഞു. കഴിഞ്ഞ തവണത്തെ കണക്ക് ആദ്യമേ പറഞ്ഞു. നമ്മുടെ ജനപ്രതിനിധികളുടെ സേവനതത്‌പരതയിൽ ക്ഷമിക്കാനാവാത്ത അലംഭാവം വർദ്ധിച്ചുവരുന്നുവെന്ന് അർത്ഥം.