rocket
rocket

ശ്രീഹരിക്കോട്ട: ശത്രു ഉപഗ്രഹത്തെ തകർക്കുന്ന എ-സാറ്റ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ബഹിരാകാശ വൻശക്തിയായ ഇന്ത്യ ഇന്നലെ ശത്രുരാജ്യങ്ങളുടെ റഡാറുകളെ കണ്ടെത്താനുള്ള അത്യാധുനിക ചാരോപഗ്രഹം - എമിസാറ്റ് - ഭ്രമണപഥത്തിൽ എത്തിച്ച് മറ്റൊരു ചരിത്ര നേട്ടം കുറിച്ചു.

ശത്രുവിന്റെ റഡാറുകളെ കണ്ടെത്തുന്നതോടെ ബാലാകോട്ടിലേതു പോലുള്ള സർജിക്കൽ സ്‌ട്രൈക്കുകൾ കൂടുതൽ കൃത്യതയോടെ നടത്താനാവുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ സർജിക്കൽ സ്ട്രൈക്കുകൾ ആസൂത്രണം ചെയ്‌തിരുന്നത് കാർട്ടോസാറ്റ് ഉപഗ്രഹങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിച്ചായിരുന്നു.

ആറ് ദിവസത്തിനുള്ളിൽ നടത്തിയ രണ്ട് വിക്ഷേപണങ്ങളിലൂടെ ബഹിരാകാശത്തെ സൈനിക ശക്തിയിലും യുദ്ധതന്ത്രത്തിലും വൻ കുതിപ്പാണ് ഇന്ത്യ കൈവരിച്ചത്.

ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്നലെ രാവിലെ 9.20ന് പി.എസ്.എൽ.വി സി - 45 റോക്കറ്റിൽ 28 വിദേശ നാനോ ഉപഗ്രഹങ്ങൾക്കൊപ്പമാണ് എമിസാറ്റ് വിക്ഷേപിച്ചത്. എമിസാറ്റ് ആണ് ആദ്യം ഭ്രമണപഥത്തിൽ പ്രതിഷ്‌ഠിച്ചത്. പിന്നീട് റോക്കറ്റിന്റെ നാലാം ഘട്ടം രണ്ട് തവണ ജ്വലിപ്പിച്ച് 504 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ 28 നാനോ ഉപഗ്രഹങ്ങളെ വിട്ടു. അമേരിക്ക, സ്വിറ്റ്സർലൻഡ്, ലിത്വാനിയ, സ്പെയിൻ എന്നീ രാജ്യങ്ങളുടെയാണ് നാനോ ഉപഗ്രഹങ്ങൾ.

കഴിഞ്ഞ ആഴ്ച ഇന്ത്യൻ മിസൈൽ തകർത്ത ഉപഗ്രഹത്തിന്റെ അവശിഷ്‌ടങ്ങളായ മുന്നൂറോളം ലോഹക്കഷണങ്ങൾ നിറഞ്ഞ മേഖലയിലൂടെയാണ് പി.എസ്.എൽ.വി കുതിച്ചത്.

ശത്രുരാജ്യങ്ങളുടെ വളരെ ഉള്ളിൽ സ്ഥാപിച്ചിട്ടുള്ള റഡാറുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്തി അറിയിക്കാൻ എമിസാറ്റിന് കഴിയും. ഇതുവരെ ഏർലി വാണിംഗ് സങ്കേതമുള്ള വിമാനങ്ങളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. കാടും മലയും മഞ്ഞ് പ്രദേശങ്ങളും ഉൾപ്പെടെ ഭൂമിയിലെ ഏത് പ്രദേശത്തു നിന്നും റഡാർ സിഗ്നലുകൾ പിടിച്ചെടുക്കും.

ഇന്ത്യയുടെ ബഹിരാകാശ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കാനുള്ള ഡി.ആർ.ഡി. യുടെ 'പ്രോജക്‌ട് കൗടില്യ'എന്ന പദ്ധതിയിൽ അഞ്ച് വർഷം എടുത്താണ് എമിസാറ്റ് വികസിപ്പിച്ചത്.

എമിസാറ്റ്

ഇലക്‌ട്രോ മാഗ്നറ്റിക് ഇന്റലിജൻസ് സാറ്റലൈറ്റ്

ഭാരം 436 കിലോഗ്രാം

748 കിലോമീറ്റർ ലോ എർത്ത് ഓർബിറ്റ്

ഭൂമിയുടെ ഇരു ധ്രുവങ്ങൾക്കും മീതേ സൂര്യോന്മുഖ ഭ്രമണപഥം

ചാര ഉപഗ്രഹങ്ങളുടെ പഥമാണിത്.

മാതൃക ഇസ്രയേലിന്റെ ചാര ഉപഗ്രഹമായ സരൾ

ഭൂമിയിലെയും കപ്പലിലെയും റഡാറുകൾ, കമ്മ്യൂണിക്കേഷൻ

ഉപകരണങ്ങൾ എന്നിവയുടെ സിഗ്നലുകൾ പിടിച്ചടുക്കും.

ആദ്യം

പി.എസ്.എൽ.വി റോക്കറ്റിന്റെ ക്യൂ.എൽ എന്ന പുതിയ പതിപ്പ്

നാല് സ്ട്രാപ് ഓൺ മോട്ടോറുകളാണ് പ്രത്യേകത

ഒറ്റ വിക്ഷേപണത്തിൽ മൂന്ന് ഭ്രമണപഥങ്ങളിൽ ഉപഗ്രഹങ്ങളെ പ്രതിഷ്‌ഠിച്ചു

നാലാം ഘട്ടം 485 കിലോമീറ്റർ ഭ്രമണപഥത്തിൽ പരീക്ഷണ നിലയം

കപ്പലുകളെ തിരിച്ചറിയാനും ഭൂമിയുടെ ബാഹ്യാന്തരീക്ഷം പഠിക്കാനും ഉൾപ്പെടെ

മൂന്ന് പരീക്ഷണങ്ങൾ